ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സ്ഥാനമേറ്റു

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സ്ഥാനമേറ്റു

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഇനി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ എന്ന പേരില്‍ അറിയപ്പെടും. പരുമല പളളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങലാണ് പുതിയ നാമം സ്വീകരിച്ചത്. സ്ഥാനാരോഹണ ചടങ്ങുകള്‍ പരുമലയില്‍ പൂര്‍ത്തിയായി.

ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ വെച്ചാണ് മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22മത് മലങ്കര മെത്രാപ്പൊലീത്തയും ഒന്‍പതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.

മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാല്‍ അതെല്ലാം നീതിപൂര്‍വ്വം പരിഹരിക്കണമെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം വ്യക്തമാക്കി. സഭകളുടെ ഐക്യം എന്നാല്‍ ലയനമല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് നടന്നത്. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തിരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ല്‍ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുന്‍ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുന്‍ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.