തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഗ്രൂപ്പുകള്‍. മൂന്ന് പേര്‍ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
അതേസമയം പദവി ദുരുപയോഗം ചെയ്ത് പുനസംഘടനയില്‍ അനര്‍ഹമായ ഇടപെടല്‍ നടത്തുന്നുവെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ആലപ്പുഴയില്‍ കെപിസിസി അംഗമല്ലാത്തയാള്‍ക്ക് വേണ്ടി പോലും കെ സി വേണുഗോപാല്‍ വാദിക്കുന്നുവെന്നാണ് പരാതി.
എന്നാൽ പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ ബന്ധപ്പെട്ടാല്‍ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍.
പുനസംഘടനയിലെ അതൃപ്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ.സി വേണുഗോപാല്‍, കെ സുധാകരന്‍, വി.ഡി സതീശന്‍ എന്നിവര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് ഇരുവിഭാഗത്തിന്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയില്‍ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു.
പട്ടിക നല്‍കിയ ശേഷം രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും അതിനപ്പുറത്തേക്ക് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പട്ടിക അന്തിമമാക്കിയ ശേഷം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിച്ച ശേഷമെ പട്ടിക കൈമാറുകയുള്ളു എന്ന് അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായ നിലപാട് സ്വീകരിച്ചതെന്നും ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപനം നീളാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.