വിദേശയാത്ര കഴിഞ്ഞാല്‍ പിസിആര്‍ പരിശോധന വേണ്ട; ലാറ്ററല്‍ ഫ്ളോ ടെസ്റ്റ് മാത്രം: ബ്രിട്ടണ്‍

 വിദേശയാത്ര കഴിഞ്ഞാല്‍ പിസിആര്‍ പരിശോധന വേണ്ട; ലാറ്ററല്‍ ഫ്ളോ ടെസ്റ്റ് മാത്രം: ബ്രിട്ടണ്‍

ലണ്ടന്‍: വിദേശയാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഈ മാസം 24 മുതല്‍ വിദേശത്തു നിന്നും മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് രണ്ടാം ദിവസത്തെ പിസിആര്‍ പരിശോധനയ്ക്കു പകരം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് മാത്രം നടത്തിയാല്‍ മതി. ഇതില്‍ പോസിറ്റീവാകുന്നവര്‍ മാത്രം വീണ്ടും സെല്‍ഫ് ഐസൊലേഷന് വിധേയരായി സൗജന്യമായി പിസിആര്‍ ടെസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പു വരുത്തണം.

വിദേശയാത്ര ചെയ്യുന്ന ഒരു നാലംഗ കുടുബത്തിന് ഏകദേശം 250 പൗണ്ടോളം ലാഭമുണ്ടാക്കുന്ന തീരുമാനമാണിത്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് പുതിയ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ തീരുമാനം യാത്രാമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയ്ക്കായും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും വിനോദയാത്രയ്ക്കുമായി വിദേശങ്ങളില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പുവരുത്താനാണ് പുതിയ തീരുമാനമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദും വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ നിലവിലുള്ള നിയമപ്രകാരം വിദേശത്തു നിന്നും മടങ്ങിയത്തുന്ന എല്ലാവരും രണ്ടാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധന യാത്രയ്ക്കു മുമ്പ് ബുക്കു ചെയ്ത് അതിന്റെ റഫറന്‍സ് നമ്പര്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമില്‍ രേഖപ്പെടുത്തുകയും വേണം. 75 പൗണ്ട് ചെലവു വരുന്ന ഈ നടപടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ റദ്ദാക്കപ്പെടുന്നത്.

ഈ മാസം 22 മുതല്‍ യാത്രക്കാര്‍ക്ക് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് കിറ്റുകള്‍ ബുക്കുചെയ്യാം. GOV.UK എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന അംഗീകൃത വിതരണക്കാരില്‍ നിന്നും കിറ്റുകള്‍ സ്വന്തമാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.