കോട്ടയം: കോട്ടയത്ത് മലയോര മേഖലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
ശക്തമായ മഴയില്‍ കൂട്ടിക്കലില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് വീടുകള്‍ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
കൂട്ടിക്കലിലെ മൂന്നാം വാര്‍ഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സജി മോന്‍ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.
കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പൂഞ്ഞാര്‍ ബസ സ്‌റ്റോപ് നിലവില്‍ പൂര്‍ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.