ക്രിസ്തുവിലെത്താന്‍ അത്യധികം ആഗ്രഹിച്ച അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

ക്രിസ്തുവിലെത്താന്‍ അത്യധികം ആഗ്രഹിച്ച അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 17

ശോ ഒരിക്കല്‍ ഒരു ശിശുവിനെ വിളിച്ച് ആരാണ് തങ്ങളില്‍ വലിയവന്‍ എന്ന് തര്‍ക്കിച്ചുകൊണ്ടിരുന്ന ശിഷ്യന്‍മാരുടെ മധ്യേ നിര്‍ത്തി അവരോട് ' ഈ ശിശുവിനെപ്പോലെ വിനീതരാകുന്നവരാണ് സ്വര്‍ഗ രാജ്യത്തില്‍ പ്രവേശിക്കുക' എന്ന് പറഞ്ഞതായി വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ ശിശുവാണ് പിന്നീട് അന്ത്യോക്യയില്‍ മെത്രാനായ ഇഗ്നേഷ്യസ് എന്നൊരു വിശ്വാസമുണ്ട്.

എ.ഡി 69 ല്‍ എവോരിയൂസിന്റെ പിന്‍ഗാമി ആയാണ് ഇഗ്നേഷ്യസ് മെത്രാന്‍ പദവിയിലെത്തിയത്. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്നതിനാല്‍ സിറിയയിലെ മെത്രാന്‍മാരെല്ലാം ഇഗ്നേഷ്യസിന്റെ ഉപദേശം ആരാഞ്ഞ ശേഷം മാത്രമേ സകല കാര്യങ്ങളും ചെയ്തിരുന്നൊള്ളൂ. പഴയകാല ക്രൈസ്തവ രക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് ഇഗ്‌നേഷ്യസിനുള്ളത്. ഇഗ്‌നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു.

അന്ത്യോക്യയില്‍ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയില്‍ അദ്ദേഹം എഴുതിയ കത്തുകള്‍ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്‌നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തുകളില്‍ പ്രകടമാണ്.

അപ്പോസ്‌തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങള്‍ നല്‍കുന്ന ഏഴ് അമൂല്യ രത്‌നങ്ങളാണ് ഈ കത്തുകള്‍. വിശുദ്ധ ഇഗ്‌നേഷ്യസ് ഏത് വര്‍ഷമാണ് മരിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

മത പീഡകനായിരുന്ന ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് 107 ലാണ് ഇഗ്നേഷ്യസ് വധിക്കപ്പെട്ടതെന്നാണ് അനുമാനം. അദ്ദേഹത്തെ സിംഹക്കൂട്ടിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഇഗ്നേഷ്യസ് തന്റെ കൂടെ ഉണ്ടായിരുന്ന ഫീലോ, അഗാത്തോപോഡൂസ് എന്നീ ഡീക്കന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതായും പറയുന്നു.

'സിറിയ മുതല്‍ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികള്‍ക്ക് നടുവില്‍ ഞാന്‍ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാര്‍ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവല്‍ക്കാര്‍. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങള്‍ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും.

'ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികള്‍ക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേല്‍ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കില്‍ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ് മക്കളെ, ഇത്തരം വാക്കുകള്‍ക്ക് എന്നോടു ക്ഷമിക്കുക.

നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കള്‍ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂര്‍ണ്ണമായും കീറിമുറിക്കപ്പെട്ട ശരീരവും, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താന്‍ കഴിയുമെങ്കില്‍ ഇവയെല്ലാം എന്നെ കീഴ്‌പ്പെടുത്തിക്കൊള്ളട്ടെ'- ഇതായിരുന്നു വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കില്‍റൂട്ടിലെ കോള്‍മന്‍

2. ലാവോണിലെ അന്‍സ്ട്രൂടിസ്

3. ഓറഞ്ചിലെ ഫ്‌ളോരെന്‍സിയൂസ്

4. ലെമാന്‍സ് ബിഷപ്പായിരുന്ന ബെറാരിയൂസ്

5. കെന്റിലെ എഥെല്‍ബെര്‍ട്ടും എഥെല്‍റെഡ്ഡിയും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26