ഇടുക്കി: കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂട്ടിക്കലില്‍ ആറു പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചില്‍ നടത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. കാണാതായവരുടെ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കൂട്ടിക്കല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.
കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, റവന്യു, പോലീസ് സംഘങ്ങള്‍ ഉണ്ടാകും. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അഞ്ച് വീടുകള്‍ മാത്രമുള്ള പ്രദേശത്താണ് വന്‍ ദുരന്തമുണ്ടായിരിക്കുന്നത്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കൊക്കയാറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെയാണ് കാണാതായതെന്നാണ് വിവരം. ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. പുഴയോരത്തെ വീടുകളില്‍ നിന്ന് സാധനങ്ങള്‍ എല്ലാം ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.