കോട്ടയം/ ഇടുക്കി: കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇന്ന് കണ്ടെത്തിയവരുടെ എണ്ണം ആറായി. ഇന്നലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെ മരണപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇടുക്കി കൊക്കയാറില്‍ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. മൂന്ന് ജില്ലകളിലായി 60 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴയില്‍ 12, പത്തനംതിട്ടയില്‍ 15 കോട്ടയത്ത് 33 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. ദുരന്തമേഖലകളിലുള്ള ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.
കൂട്ടിക്കല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തും. മന്ത്രിമാരായ വി.എന്‍. വാസവന്‍,കെ. രാജന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജയ് ദേവ് എന്നിവര്‍ ഒപ്പമുണ്ട്.
കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. ഒട്ടലാങ്കല്‍ ക്ലാരമ്മ ജോസഫ് (65), മകന്‍ മാര്‍ട്ടിന്‍, ഭാര്യ സിനി (35), മക്കളായ സോന (11), സ്‌നേഹ, സാന്ദ്ര എന്നിവരെയാണ് കാണാതായത്. ഇരില്‍ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
മര്‍ട്ടിന്‍, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലില്‍ കണ്ടെത്തി. സ്‌നേഹ എന്ന കുട്ടിക്കായി തെരച്ചില്‍ നടന്നു വരുന്നു. ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി, മകന്‍, തൊട്ടിപറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ(60), മുണ്ടകശേരിയില്‍ വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയും പ്ലാപ്പള്ളിയില്‍ കാണാതായിട്ടുണ്ട്.
ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചിറയില്‍ ഷാജി(50), ആന്‍സി(45), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു, കല്ലുപുരക്കല്‍ ഫൈസല്‍ നസീറിന്റൈ മക്കളായ അപ്പു, മാളു, ഫൈസലിന്റെ സഹോദരി ഫൗസിയ മക്കളായ അഹ്‌യാന്‍, അഫ്‌സാന എന്നിവരേയാണ് കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയില്‍ മൂന്നു വീടുകള്‍ ഒലിച്ചു പോയി.
മഴ തുടരുന്നതിനാല്‍ കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
നാളെ നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത ടി. ബാലന്‍ അറിയിച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരളത്തില്‍ പൊതുവേ മഴ കുറഞ്ഞു വരുന്നതായാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന അറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.