കൊച്ചി: മഴ ശക്തമായി തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കും. ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ട അപ്പര്‍ റൂള്‍ ലെവലെത്തും. ഇന്നലെ വൈകുന്നേരം ആറ് വരെയുള്ള കണക്ക് പ്രകാരം 2396.12 അടിയാണ് ജലനിരപ്പ്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.15 അടിയിലെത്തി. ഒറ്റ ദിവസം കൊണ്ട് നാലടിയോളമാണ് ഉയര്‍ന്നത്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. 6048 ഘനയടി ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 1867 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴമൂലം കൂടുതലായി ഒഴുകിയെത്തുന്ന വെള്ളം ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന് ഭീഷണിയാണ്.
ഇടുക്കി ഡാമില്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.86 അടി കഴിഞ്ഞതോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പിന്നാലെ ഒരടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. അപ്പര്‍ റൂള്‍ ലെവലായ 2398.86 അടി പിന്നിട്ടാല്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കും. ഇതിന് രണ്ടടി കൂടി മതിയാകും. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി
മഹാ പ്രളയത്തെ തുടര്‍ന്ന് 2018 ഓഗസ്റ്റിലാണ് ഇതിന് മുമ്പ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവര്‍ പെരിയാര്‍ ഡാമിലേക്കാണ്. ഇവിടെ നിന്ന് ഭൂതത്താന്‍കെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി പെരിയാറിലൂടെ കടലില്‍ ചേരും.
സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസം കൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയിലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവര്‍ഷക്കാലത്ത് 492 മില്ലി മീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.
ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ കേരളത്തില്‍ 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലം ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
കനത്ത മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം കെ.എസ്.ഇ.ബി കൂട്ടി. 7.274 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്. ആറ് ജറേറ്ററുകളില്‍ അഞ്ചെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരെണ്ണം ഒരു മാസമായി തകരാറിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.