പ്രളയ ഭീതിയില്‍ അപ്പര്‍ കുട്ടനാട്; റോഡുകളും വീടുകളും വെള്ളത്തില്‍

 പ്രളയ ഭീതിയില്‍ അപ്പര്‍ കുട്ടനാട്; റോഡുകളും വീടുകളും വെള്ളത്തില്‍

ആലപ്പുഴ: കിഴക്കന്‍ മേഖലയില്‍ നിന്നും വലിയ തോതില്‍ ജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴയിലെ അപ്പര്‍കുട്ടനാടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഏഴോളം പഞ്ചായത്തുകളിലാണ് സ്ഥിതി ഗുരുതരാവസ്ഥയിലുള്ളത്. കക്കി ഡാം ഇന്ന് തുറക്കുമെന്നതിനാല്‍ അറിയിപ്പ് വന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.

തോട്ടപ്പള്ളി വഴി ജലം ഒഴുക്കിവിടാനുള്ള ശ്രമം നടക്കുന്നതാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്‍ ഡി ആര്‍ എഫ് സംഘവും ഇവിടേക്ക് എത്തിയിട്ടുണ്ട്.

തിരുവല്ലാ-അമ്പലപ്പുഴ സംസ്ഥാന പാതിയില്‍ നെടുമ്പ്രത്ത് റോഡില്‍ വെള്ളം കയറി. എം സി റോഡിലും എ സി റോഡിലു വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നീരേറ്റുപുറം-കിടങ്ങറ, എടത്വ-മാമ്പുഴക്കരി, എടത്വ-വേഴപ്രാ, എന്നീ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പമ്പാ നദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ നദികളിലെ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്.

നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമാണ് കുതിരച്ചാല്‍ കോളനി.

തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്. വീടുകളില്‍ നിന്നും വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും മറ്റിടങ്ങളിലേയ്ക്ക് മാറ്റി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തലവടി, മുട്ടാര്‍, വീയപുരം, എടത്വ പഞ്ചായത്തുകളില്‍ നിരവധി ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.