ദുരന്തങ്ങള്‍ ആവര്‍ത്തിക്കും: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള തന്റെ റിപ്പോര്‍ട്ട് സര്‍ക്കാരുകള്‍ അട്ടിമറിച്ചുവെന്ന് മാധവ് ഗാഡ്ഗില്‍

ദുരന്തങ്ങള്‍ ആവര്‍ത്തിക്കും: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള തന്റെ റിപ്പോര്‍ട്ട് സര്‍ക്കാരുകള്‍ അട്ടിമറിച്ചുവെന്ന് മാധവ് ഗാഡ്ഗില്‍

പൂനെ: കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

സര്‍ക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താന്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ക്കും ആര്‍ജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേര്‍ന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും പലതരം ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പ്രൊജക്ടിനെതിരേയും മാധവ് ഗാഡ്ഗില്‍ വിമര്‍ശനം ഉന്നയിച്ചു.

ഇത്തരം മെഗാ പ്രൊജക്ടുകള്‍ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാ സമയം ലാഭിക്കാന്‍ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗില്‍ ചോദിക്കുന്നു. വന്‍കിട നിര്‍മ്മാണങ്ങളല്ല കേരളത്ത് ഇപ്പോള്‍ ആവശ്യമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

കേരളം പ്രളയത്തെ പേടിച്ചു തുടങ്ങുന്നതിനും വളരെ മുന്‍പ് 2011-ലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക റിപ്പോര്‍ട്ട് താന്‍ സമര്‍പ്പിച്ചത്. അതിതീവ്ര മഴ മാത്രമല്ല അതോടൊപ്പം പശ്ചിമഘട്ടത്തെ പരിധിയില്ലാത്ത രീതിയില്‍ ചൂഷണം ചെയ്തതും ഈ ദുരന്തങ്ങള്‍ക്ക് കാരണമായി. യാത്രാ സമയത്തില്‍ മുപ്പതോ നാല്‍പ്പതോ മിനിറ്റ് ലാഭിക്കാനായി പശ്ചിമഘട്ടത്തിലെ പാറയെല്ലാം തുരന്നെടുത്ത് പദ്ധതികള്‍ നടപ്പാക്കിയിട്ട് എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.