ജയ്പുർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക് സർക്കാരിനോട് അഭ്യർഥിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഈ സർക്കാരിന് വീണ്ടും അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നടന്ന ചടങ്ങിനിടെയാണ് മാലിക് ഇക്കാര്യം വ്യക്തമാക്കിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാൽ മാലിക്ക്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പലരോടും വഴക്കിടേണ്ടി വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവരുമായി വഴക്കിടേണ്ടിവന്നു. നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ഇങ്ങനെയൊന്നും ചെയ്യരുതെന്നും അവരോട് പറഞ്ഞു. താങ്ങുവില നിയമാനുസൃതമായി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പ്രശ്നം പരിഹരിക്കപ്പെടും.
എന്നാൽ മൂന്ന് കാർഷിക നിയമങ്ങളുടെ കാര്യത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ല. കാരണം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ഒരേയൊരു പ്രശ്നം മാത്രമാണ് അവശേഷിക്കുന്നത്. അത് താങ്ങുവിലയാണ്. താങ്ങുവില ലഭിക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു സന്ദേശവും പരസ്യമായി നൽകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തന്റെ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെ അറിയിക്കും.
എന്നാൽ താങ്ങുവില ഉറപ്പാക്കാതെ ഒരു തരത്തിലുള്ള ധാരണയും കർഷകരുമായി ഉണ്ടാക്കാനാവില്ലെന്നും സത്യപാൽ മാലിക്ക് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് കർഷക നിയമങ്ങൾക്ക് എതിരായി കർഷക സംഘടനകൾ ഒരു വർഷത്തിലേറെയായി ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷകരെ പിന്തുണച്ച് മാലിക്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. അവരെ അധിക്ഷേപിക്കരുതെന്നും പ്രക്ഷോഭത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നും മാലിക്ക് പറഞ്ഞു. രാജി ആവശ്യപ്പെടുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ മന്ത്രിമാർക്ക് എന്നും രാജിവെക്കേണ്ടിവരും. എന്നാൽ ആരോപണ വിധേയനായ മന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് സത്യപാൽ മാലിക്ക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.