കേന്ദ്രമന്ത്രിയെ പുറത്താക്കണം: ട്രെയിന്‍ തടയല്‍ സമരത്തില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി

കേന്ദ്രമന്ത്രിയെ പുറത്താക്കണം: ട്രെയിന്‍ തടയല്‍ സമരത്തില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തി. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്  മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 293 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായോ ഭാഗികമായോ തടസപ്പെട്ടു. ഇന്നലെ രാവിലെ പത്ത് മണി മുതല്‍ ആറ് മണിക്കൂര്‍ നേരമായിരുന്നു സമരം.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഒഡിഷ, യു.പി സംസ്ഥാനങ്ങളിലെ ട്രെയിന്‍ സര്‍വീസിനെ സമരം സാരമായി ബാധിച്ചു. രാജ്യത്തെ ഏഴ് റെയില്‍വെ സോണുകളിലായി 184 സ്ഥലങ്ങളിലാണ് സമരം നടന്നത്. 43 ട്രെയിനുകള്‍ പൂര്‍ണമായും 50 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 63 ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തിയിടേണ്ടി വന്നു. കല്‍ക്കരിയുമായി പവര്‍ പ്ലാന്റുകളിലേക്ക് പുറപ്പെട്ടെ 75 ട്രെയിനുകളടക്കം 150 ചരക്ക് തീവണ്ടികളും തടഞ്ഞു.

അതേസമയം യു.പിയില്‍ സമരത്തെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 14 ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകളില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. എവിടെയെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.

പഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങളില്‍ സമരം ഏറെക്കുറെ പൂര്‍ണമായിരുന്നു. പഞ്ചാബില്‍ പലയിടത്തും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ശതാബ്ദി എക്‌സ്പ്രസ് അമ്പാലയില്‍ സര്‍വീസ് അവസാനിപ്പിച്ചു. അമ്പാലയുടെ തൊട്ടടുത്ത സ്റ്റേഷനുകളിലായി 18 ട്രെയിനുകള്‍ നിശ്ചലമായി.

കൂടാതെ ഒഡിഷയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ മണിക്കൂറുകളോളം ട്രെയിനുകള്‍ ഓടിയില്ല. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ കീഴിലുള്ള രാജസ്ഥാന്‍ - ഹരിയാന സംസ്ഥാനങ്ങളിലെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും 13 എണ്ണം ഭാഗികമായും റദ്ദാക്കി.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊല ചെയ്ത് 15 ദിവസമായിട്ടും കേന്ദ്രസര്‍ക്കാര്‍ തങ്ങളോട് സംസാരിക്കുന്നില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. വളരെ സമാധാന പൂര്‍ണമായിരുന്നു സമരം. അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യാതെ കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ലെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.