ഇടുക്കി അണക്കെട്ടും തുറന്നു: വൈകുന്നേരത്തോടെ വെള്ളം കാലടി, ആലുവ മേഖലയില്‍; മുന്നൊരുക്കങ്ങള്‍ സജ്ജം

ഇടുക്കി അണക്കെട്ടും തുറന്നു: വൈകുന്നേരത്തോടെ വെള്ളം കാലടി, ആലുവ മേഖലയില്‍; മുന്നൊരുക്കങ്ങള്‍ സജ്ജം

ഇടുക്കി: ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ കൃത്യം പതിനൊന്നു മണിക്കാണ് അണക്കെട്ട് തുറന്നത്.

ഇതിന് മുന്നോടിയായി 10.55 ന് അവസാന സൈറണ്‍ മുഴങ്ങി. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ആദ്യം മൂന്നാമത്തെ ഷട്ടറും പിന്നീട് രണ്ടും നാലും ഷട്ടറുകളും ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്.

കക്കി, ഷോളയാര്‍, പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനു പിന്നാലെയാണ് ഇടുക്കിയും തുറന്നത്. 2018 ലെ ദുരന്ത സാഹചര്യം കണക്കിലെടുത്ത് കൃത്യമായ മുന്‍കരുതലുകളോടെയാണ് ഇടുക്കി ഡാം തുറന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വെള്ളത്തിന്റെ ഒഴുക്കും ജലനിരപ്പും വിലയിരുത്തി ഏതാനും മിനിട്ടുകളുടെ ഇടവേളയിലാണ് രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാംബ്ല വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടിലെത്തും.

പിന്നീട് നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ ചേരും.

2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നത്. 26 വര്‍ഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവന്നു. ഇത് അഞ്ചാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. ഇന്നു രാവിലെ പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ വീതം തുറന്നിരുന്നു.

ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.