നിരവ് മോദിയുടെ സാമ്പത്തിക കള്ളക്കളി പൊളിച്ച് ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതി വിധി

നിരവ് മോദിയുടെ സാമ്പത്തിക കള്ളക്കളി പൊളിച്ച് ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതി വിധി

ന്യൂയോര്‍ക്ക്: സാമ്പത്തിക തട്ടിപ്പു നടത്തി ഇന്ത്യയില്‍ നിന്നു മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിക്ക് യു.എസില്‍ തിരിച്ചടി. ബിനാമി ഇടപാടിലൂടെ നിരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന അപേക്ഷ ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതി തളളി.

നിലവില്‍ യു.കെയിലെ ജയിലിലാണ് നിരവ് മോദി. ഇയാളെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,334 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട കേസിലാണ് ഇന്ത്യയില്‍ നിരവ് നടപടി നേരിടുന്നത്.

ഫയര്‍സ്റ്റാര്‍ ഡയമണ്ട്, ഫാന്റസി ഇന്‍ക്, എ ജഫെ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കേസിലാണ് വിധി. മോദിക്കൊപ്പം മിഹിര്‍ ഭന്‍സാലി, അജയ് ഗാന്ധി എന്നിവരാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഇവരുടെ തട്ടിപ്പ് മൂലം സാമ്പത്തിക നഷ്ടം നേരിട്ടവര്‍ക്ക് കുറഞ്ഞത് 15 മില്യന്‍ യുഎസ് ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാര്‍ഡ് ലെവിന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തളളണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരവ് മോദി സതേണ്‍ ഡിസ്ട്രിക്ട് ന്യൂയോര്‍ക്ക്് ബാങ്ക്റപ്റ്റി കോടതിയെ സമീപിച്ചത്.

വഞ്ചന, വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉത്തരവാദിത്വത്തിന്റെ ലംഘനം ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് നിരവ് മോദിക്കും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ തട്ടിപ്പിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കുമായി ഒരു ബില്യന്‍ യുഎസ് ഡോളറിലധികം നഷ്ടം നേരിട്ടതായും 60 പേജ് വരുന്ന ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു. കമ്പനിയില്‍ നിന്നുളള ലാഭം സ്വന്തം കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ച് അധികവില്‍പനയെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരിവിലയും കമ്പനി മൂല്യവും പെരുപ്പിച്ച് കാട്ടിയായിരുന്നു തട്ടിപ്പെന്നും കോടതി ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.