കൊച്ചി: കോവിഡ് മഹാമാരിയും അതേ തുടര്‍ന്നുണ്ടായ രണ്ട് ലോക്ക്ഡൗണുകളും തകര്‍ത്തെറിഞ്ഞ നിരവധി ജീവിതങ്ങളുണ്ട് നമുക്കു ചുറ്റും. ആദ്യ ലോക്ക്ഡൗണ്‍ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിച്ച് പലരും കഷ്ടിച്ച് ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗവും രണ്ടാമത്തെ അടച്ചു പൂട്ടലും.
ആദ്യ തരംഗത്തെക്കാള്‍ കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതിനാല്‍ സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇത് നിരവധി ആളുകളുടെ പൊടി തട്ടിയെടുത്ത സ്വപ്‌നങ്ങള്‍ക്കു മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. പലരും പതറിപ്പോയി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും നിരവധിയാളുകള്‍ അതില്‍ അഭയം തേടി.
ഇത്തരത്തില്‍ ജീവിതത്തോട് തന്നെ ബൈ പറഞ്ഞ് പോയവരില്‍ ഏറ്റവും അവസാനത്തെ വ്യക്തിയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത കോട്ടയം ചിങ്ങവനം സ്വദേശി സരിന്‍ മോഹന്‍. ഹോട്ടല്‍ ആയിരുന്നു ഭാര്യയും രണ്ട് മക്കളുമുള്ള അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗം. പക്ഷേ, ദീര്‍ഘനാള്‍ ഹോട്ടല്‍ അടച്ചിടേണ്ടി വന്നതോടെ സരിന്റെ ജീവിതവും താളം തെറ്റി.
കടക്കെണിയില്‍പ്പെട്ട് ബ്ലൈഡുകാരുടെ ഭീഷണി സഹിക്കാനാകാതെയാണ് ആ ചെറുപ്പക്കാരന്‍ ജീവിതം അവസാനിപ്പിച്ചത്. തന്റെ മരണത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് താനെന്നും ഫേസ്ബുക്കില്‍ കുറിപ്പെഴുതി പോസ്റ്റ് ചെയ്തതിനു ശേഷമാണ് സരിന്‍ ആത്മഹത്യ ചെയ്തത്.
സഹയിക്കാന്‍ നല്ല മനസ് ഉള്ളവര്‍ തന്റെ കുടുംബത്ത സഹയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സരിന്‍ ഒരു അക്കൗണ്ട് നമ്പരും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
സരിന്‍ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആറ് മാസം മുന്‍പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, കൊറോണ വരില്ല. ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും.
ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍. എല്ലാം തകര്‍ന്നപ്പോള്‍ ലോക്ക്ഡൗണ്‍ മാറ്റി.
ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലൈഡുകാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍.
ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്.
എന്റെ മരണത്തിന് ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു.
സഹയിക്കാന്‍ നല്ല മനസ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവര്‍ക്ക് ഇനി ജീവിക്കണം ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.
NB: എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.