യുപി തെരഞ്ഞെടുപ്പ്: 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക്; വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്ന് പ്രിയങ്ക

യുപി തെരഞ്ഞെടുപ്പ്: 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക്; വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്ന് പ്രിയങ്ക

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന ചരിത്ര തീരുമാനവുമായി കോണ്‍ഗ്രസ്. യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും. അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്. ഈ തീരുമാനം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണെന്നും ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത പ്രിയങ്ക ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം എതിരെ ഇനിയും നിശബ്ദരായിരിക്കാന്‍ പാടില്ല. ജയിലില്‍ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ലക്‌നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക അന്ന് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലക്‌നൗവിലെ പ്രചാരണത്തില്‍ സജീവമാകാനാണ് പ്രിയങ്കയുടെ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.