തിരുവനന്തപുരം: സര്‍ക്കാരിന്റെ വ്യാജ ഉത്തരവുണ്ടാക്കി ഭവന നിര്‍മാണ ബോര്‍ഡില്‍ ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമം. പാവങ്ങള്‍ക്ക് വീട് വെക്കാനുള്ള ഗൃഹശ്രീ പദ്ധതിയുടെ തടഞ്ഞു വെച്ച പണം അനുവദിക്കാനാണ് വ്യാജ ഉത്തരവിലുള്ളത്. സര്‍ക്കാരിനെ ഞെട്ടിച്ച വ്യാജ ഉത്തരവിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗൃഹശ്രീ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ചിട്ടുള്ള 100 ച.മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളുടെ തുടര്‍ ഗഡുക്കള്‍ നല്‍കി ഉത്തരവ് ആകുന്നെന്നാണ് ഒരു മാസം മുമ്പ് ഭവന നിര്‍മാണ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ ഇ മെയിലായി വന്ന ഉത്തരവില്‍ പറയുന്നത്. ഭവനിര്‍മാണ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവിലെ തിയ്യതി 12-7-2021 ആണ്. ഇതനുസരിച്ച് പണം നല്‍കാനുളള്ള നടപടിയും തുടങ്ങി. പക്ഷെ ഈ സര്‍ക്കാര്‍ ഉത്തരവ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ബിപിഎല്‍ വിഭാഗത്തിലുള്ള ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മാണ ബോര്‍ഡിന്റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ടു ലക്ഷം രൂപ ബോര്‍ഡില്‍ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ടു ലക്ഷത്തില്‍ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്‌പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന.
കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടച്ച പണത്തിന് പുറമേ രണ്ടു ലക്ഷം രൂപ ബോര്‍ഡ് സബ്‌സിഡി നല്‍കും. 83 ച.മീറ്റര്‍ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയില്‍ അനുമതി. അതിന് മുകളില്‍ വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മിച്ചാല്‍ ഗഡുക്കള്‍ നല്‍കില്ല.
ബോര്‍ഡില്‍ പുതിയതായി എത്തിയ എഞ്ചിനീയര്‍മാര്‍ നടത്തിയ പരിശോധനയില്‍ 83 ച.മീറ്ററിന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള 100 ലേറെ കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടുതലും മലബാര്‍ മേഖലയിലാണ്. ഇതോടെ ക്രമക്കേട് കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കുള്ള സഹായം ബോര്‍ഡ് നിര്‍ത്തിവെച്ചു. ഇതിന് പിന്നാലെയാണ് 83 ച.മീറ്റര്‍ നിബന്ധന 100 ആക്കിയുള്ള വ്യാജ ഉത്തരവ് വരുന്നത്.
സര്‍ക്കാര്‍ ഇ-മെയിലിന് സമാനമായുള്ള ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് ഉത്തരവെത്തിയത്. ഇതനുസരിച്ച് ജില്ലാ ഓഫീസര്‍മാര്‍ തടഞ്ഞുവച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാനായി ബോര്‍ഡ് ആസ്ഥാനത്തു നിന്നും അനുമതി തേടി.
സെക്രട്ടറിയേറ്റില്‍ നിന്നും ഇത്തരമൊരു ഉത്തരവിറങ്ങിയിട്ടില്ലെന്ന് വ്യക്തമായതോടെ പണം നല്‍കരുതെന്ന് ബോര്‍ഡ് ആസ്ഥനാത്ത് നിന്നും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.