സ്വന്തം പാര്‍ട്ടി രൂപീകരിക്കും; കര്‍ഷക പ്രക്ഷോഭം പരിഹരിച്ചാല്‍ ബിജെപിയുമായി സഖ്യമെന്ന് അമരീന്ദര്‍ സിംഗ്

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; കര്‍ഷക പ്രക്ഷോഭം പരിഹരിച്ചാല്‍ ബിജെപിയുമായി സഖ്യമെന്ന് അമരീന്ദര്‍ സിംഗ്

അമൃത്സര്‍: പഞ്ചാബില്‍ പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി അമരീന്ദര്‍ സിംഗ്. കര്‍ഷക നിയമത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്.

'പഞ്ചാബിന്റെ ഭാവിയുടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. പഞ്ചാബിന്റെയും ഇവിടുത്തെ ജനങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടി വൈകാതെ തന്നെ എന്റെ നേതൃത്വത്തില്‍ രൂപീകരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൂടുതലായി നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന കര്‍ഷകരുടെ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'ഞാന്‍ ഒരിക്കലും വിശ്രമിക്കുകയില്ല, എന്റെ ജനങ്ങളുടേയും സംസ്ഥാനത്തിന്റേയും ഭാവിക്കായി പ്രവര്‍ത്തിക്കും. പഞ്ചാബിന് രാഷ്ട്രീയ സ്ഥിരത ആവശ്യമാണ്, ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കും. സുരക്ഷിതമായ ഒരു സമൂഹമാണ് ഞാന്‍ എന്റെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത്.' എന്നും അമരീന്ദര്‍ കൂട്ടിച്ചേർത്തു.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പേവുകയാണ് അമരീന്ദര്‍. അതിനായി ഇരുപത് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദറിന്റെ അവകാശവാദം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം കഴിഞ്ഞ മാസം അമരീന്ദര്‍ സിങ് അമിത് ഷായെ കണ്ട് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു.

അതേസമയം എഐസിസിയുമായി ഇടഞ്ഞു നില്‍ക്കുന്ന അമരീന്ദറിനെ അനുനയിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ ഹൈക്കമന്‍ഡ് ഇപ്പോഴും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.