ദുരന്തത്തിന് കാരണം ഇരട്ട ന്യൂനമര്‍ദ്ദമെന്ന് മുഖ്യമന്ത്രി: 39 പേര്‍ മരിച്ചു, ആറ് പേര്‍ക്കായി തിരച്ചില്‍; ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

ദുരന്തത്തിന് കാരണം ഇരട്ട ന്യൂനമര്‍ദ്ദമെന്ന് മുഖ്യമന്ത്രി:  39 പേര്‍ മരിച്ചു, ആറ് പേര്‍ക്കായി തിരച്ചില്‍; ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ആറ് പേരെ കാണാതായി. 213 വീടുകള്‍ പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഇരട്ട ന്യൂനമര്‍ദ്ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെയും ദുഃഖമാണ്. അവരുടെ ദുഃഖത്തില്‍ വിങ്ങുന്ന ഹൃദയവുമായി സഭയും പങ്കുചേരുന്നു. പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

എന്‍ഡിആര്‍എഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ട ന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയുടെ തീവ്രതയ്ക്ക് ഒക്ടോബര്‍ 18, 19 തിയതികളില്‍ താല്‍കാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ.ബാബു സഭയില്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദഗ്ധ സമിയുടെ നിര്‍ദ്ദേശം തേടി മാറ്റങ്ങള്‍ വരുത്തണം. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചു.

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു. ഇനി 25 ന് നിയമസഭ സമ്മേളിക്കും. എംഎല്‍എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25 വരെ നിര്‍ത്തി വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.