ജാമ്യമില്ല: ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ആര്‍തര്‍ റോഡ് ജയിലില്‍ തുടരും

ജാമ്യമില്ല: ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ആര്‍തര്‍ റോഡ് ജയിലില്‍ തുടരും

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെയും സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്.

ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകനായ ഇരുപത്തിമൂന്നുകാരനായ ആര്യന്‍ഖാന്‍ രണ്ടാഴ്ചയിലേറേയായി ജ്യുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ ആഢംബരക്കപ്പലിലെ ലഹരിവിരുന്നിനിടെ ആര്യന്‍ ഖാനെയും കൂട്ടാളികളെയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍.

കഴിഞ്ഞ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷം ജാമ്യാപേക്ഷയില്‍ വിധിപറയുന്നതിനായി ഒക്ടോബര്‍ 20ലേക്ക് മാറ്റുകയായിരുന്നു.

വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എന്‍സിബി ആര്യന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആര്യന്‍ ഖാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ സജീവ കണ്ണിയാണെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നതായും എന്‍സിബി കൂട്ടിച്ചേര്‍ത്തു. സ്പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ആയതിനാല്‍ ആര്യനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി. കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.