പിസിആർ പരിശോധന പകുതി നിരക്കിൽ ലഭ്യമാക്കാൻ വിപിഎസ് ബുർജീൽ ആശുപത്രികളുമായി കൈകോർത്ത് അബുദാബി ക്രിക്കറ്റും അബുദാബി സ്പോർട്സ് കൗൺസിലും.
വ്യാഴാഴ്ച മുതൽ മാച്ച് ടിക്കറ്റ് ഉള്ളവർക്ക് അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് 25 ദിർഹത്തിന് പരിശോധന നടത്താം.
അബുദാബി:അബുദാബിയിൽ നടക്കുന്ന ഐസിസി ടി 20 ലോകകപ്പ് 2021 മത്സരങ്ങൾ കാണുന്നതിന് നിർബന്ധമായ പ്രീ മാച്ച് പിസിആർ ടെസ്റ്റുകൾ ആരാധകർക്ക് പകുതി നിരക്കിൽ ലഭ്യമാക്കാം. ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകർക്ക് ഗുണകരമാകുന്ന ഇളവിനായി വിപിഎസ് ഹെൽത്ത് കെയറിന്റെ ബുർജീൽ ആശുപത്രികളുമായി അബുദാബി ക്രിക്കറ്റും അബുദാബി സ്പോർട്സ് കൗണ്സിലും കൈകോർത്തു.
അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 15 മത്സരങ്ങൾ കാണാനെത്തുന്ന ഓരോ ടിക്കറ്റ് ഉടമയ്ക്കും പകുതി വിലയ്ക്ക് പിസിആർ പരിശോധന ലഭ്യമാക്കാനാണ് തീരുമാനം. ബുർജീൽ മെഡിക്കൽ സിറ്റി, ബുർജീൽ ഡേ സർജറി സെന്റർ അൽ റീം ഐലൻഡ്, അൽ ഷഹാമ, അൽ ഷംക, അൽ സീന എന്നിവിടങ്ങളിലെ ബുർജീൽ മെഡിക്കൽ സെന്ററുകൾ എന്നീ കേന്ദ്രങ്ങളിലാണ് ലോകകപ്പിനായി പ്രത്യേക നിരക്കിൽ ടെസ്റ്റുകൾ ലഭ്യമാക്കുക. 72 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന ഫലം നെഗറ്റിവ് ആണെന്ന് വ്യക്തമാക്കുന്ന ഗ്രീൻ പാസ് അൽ ഹോസൻ ആപ്പിൽ ഉള്ളവർക്കെ അബുദാബി സ്റ്റേഡിയത്തിൽ പ്രവേശനം സാധ്യമാവൂ.
ശനിയാഴ്ച്ച നടക്കുന്ന ഓസ്‌ട്രേലിയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം വീക്ഷിക്കാനെത്തുന്നവർക്കാണ് ആദ്യമായി കുറഞ്ഞ നിരക്കിലുള്ള പിസിആർ പരിശോധന ലഭ്യമാക്കാനാവുക. ടി 20 ലോകകപ്പിനുള്ള സ്റ്റേഡിയം ശേഷി 70 ശതമാനമായി ഉയർത്തുമ്പോൾ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഓരോ മത്സരത്തിനും പതിനായിരത്തിലധികം ആരാധകരെ സ്വീകരിക്കാനാകും.
പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ ചെലവ് കുറയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി അരീഫ് അൽ അവാനി പറഞ്ഞു. കുറഞ്ഞ നിരക്കിൽ പിസിആർ സേവനം ലഭ്യമാക്കുന്നതിലൂടെ അബുദാബിയിൽ സുരക്ഷിതമായി കൂടുതൽ കായിക മത്സരങ്ങൾ നടത്താനാകുമെന്ന് വിപിഎസ് ഹെൽത്ത്കെയർ ബിസിനസ് ഡവലപ്‌മെന്റ് പ്രസിഡന്റും അബുദാബി ക്രിക്കറ്റ് ബോർഡ് അംഗവുമായ ഒമ്രാൻ അൽ ഖൂരി കൂട്ടിച്ചേർത്തു.
അബുദാബിയിലെ മത്സരങ്ങൾ ഒക്ടോബർ 18 തിങ്കളാഴ്ചയാണ് ആരംഭിച്ചത്. അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം നവംബർ 10 ന് ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിന് ആതിഥേയത്വം വഹിക്കും. റൗണ്ട് 1 മത്സരങ്ങൾക്ക് 40 ദിർഹം മുതലും സൂപ്പർ 12 മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.