തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസിലേക്കു മടങ്ങുമോ എന്നാണ് രാഷ്ട്രീയം കേരളം ഉറ്റു നോക്കുന്നത്. സി.പി.എമ്മിലും കോണ്‍ഗ്രസിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. നേരിട്ടൊരു ഉത്തരം നല്‍കുന്നില്ലെങ്കിലും മാതൃസംഘടനയിലേക്കു ചെറിയാന്‍ മടങ്ങുമെന്ന സൂചനകള്‍ ശക്തമാകുകയാണ്.
ചര്‍ച്ചകള്‍ക്ക് ബലം പകരുന്ന തരത്തില്‍ കേരള സഹൃദയ വേദിയുടെ പുരസ്‌കാരം ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യമാണ്.
കൂടാതെ വി.ഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സി.പി.എമ്മില്‍ തഴയപ്പെട്ടപ്പോള്‍ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകള്‍ നടത്തിയിരുന്നു. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുധാകരനും അടക്കമുള്ള നേതാക്കള്‍ക്ക് ചെറിയാനെ മടക്കി ക്കൊണ്ടുവരണമെന്ന ആഗ്രഹം ഉള്ളവരാണ്.
രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ലെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇടക്കാലത്ത് സി.പി.എമ്മിലേക്കു വന്ന കെ.ടി. ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നു വെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു.
കെ.പി.സി.സി പുനസംഘടന കഴിഞ്ഞേ ചെറിയാന്റെ മനസുമാറ്റത്തിന്റെ പ്രഖ്യാപനമുണ്ടാകൂ എന്നാണ് വിവരം. കേരള രാഷ്ട്രീയ ചരിത്രമെഴുതുന്ന തിരക്കിലാണ് ഇപ്പോള്‍ ചെറിയാന്‍. തന്നെക്കുറിച്ച് ഉയരുന്ന ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.