കൃഷിനാശം: നഷ്ടപരിഹാരം 30 ദിവസത്തിനകമെന്ന് മന്ത്രി പ്രസാദ്

കൃഷിനാശം: നഷ്ടപരിഹാരം 30 ദിവസത്തിനകമെന്ന് മന്ത്രി പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്തമഴയിൽ കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം 30 ദിവസത്തിനകമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. അതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയാതായി അദ്ദേഹം അറിയിച്ചു.

സമീപദിവസങ്ങളിലുണ്ടായ മഴയിൽ 200 കോടിയുടെ കൃഷിനാശമാണുണ്ടായത്. നടപടികൾ പൂർത്തിയാകാത്ത മുൻ അപേക്ഷകളിൽ നവംബർ പത്തിനകവും ഈ മാസമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകവും നടപടി പൂർത്തിയാക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

ഭാവിയിലും നഷ്ടപരിഹാര അപേക്ഷകളിൽ ഒരുമാസത്തിനകം നടപടി പൂർത്തീകരിക്കും.
കാർഷികവിളകൾ ഇൻഷുർചെയ്ത കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരവും ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള തുകയും ലഭിക്കും. ഇൻഷുർ ചെയ്യാത്തവർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള നഷ്ടപരിഹാരത്തുകയാണ് ലഭിക്കുക. ഇതിനായി രേഖകൾ ഉടൻ സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി.

വിളനാശമുണ്ടായ കർഷകർക്ക് അതിനുള്ള നഷ്ടപരിഹാരത്തിനുപുറമേ കൃഷി പുനഃസ്ഥാപിക്കാനും സർക്കാർ ആനുകൂല്യം നൽകുന്നുണ്ട്. വിത നഷ്ടപ്പെട്ട കർഷകർക്ക് നെൽവിത്ത് പൂർണമായും സൗജന്യനിരക്കിൽ നൽകും. പാടത്ത് മടവീഴ്ചമൂലം കൃഷിനശിച്ച സ്ഥലങ്ങളിൽ പുറംബണ്ട് കെട്ടാനും ബണ്ടുകളുടെ അറ്റകുറ്റപ്പണി തീർക്കാനും പണം നൽകും. മടവീഴ്ചയുണ്ടായ പ്രദേശങ്ങളിൽ ഇതിനകം തന്നെ പുറം ബണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവരെ ആലപ്പുഴ ജില്ലയിൽ 26, കോട്ടയം ജില്ലയിൽ 11 മടവീഴ്ചകളുണ്ടായി. ഇവയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകി.
അതേസമയം വിളനാശംസംഭവിച്ച കർഷകർ എത്രയും പെട്ടെന്ന് വിവരങ്ങൾ കൃഷിഭവനുകളിൽ അറിയിക്കണം.

നഷ്ടപരിഹാരത്തിന് ഇപ്പോൾ എ.ഐ.എം.എസ് വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിള ഇൻഷുറൻസ് പദ്ധതിപ്രകാരം വിള ഇൻഷുർചെയ്ത കർഷകർ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകവും ഇൻഷുർചെയ്തിട്ടില്ലാത്ത കർഷകർ പ്രകൃതിക്ഷോഭംമൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിന് പോർട്ടൽ മുഖേന അപേക്ഷിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.