അഴിമതിക്കെതിരെ ഇനി പോരാട്ടം സ്വന്തം യൂട്യൂബ് ചാനലിലൂടെ; രണ്ട് കണ്ണും തുറന്ന് പ്രതികരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

അഴിമതിക്കെതിരെ ഇനി പോരാട്ടം സ്വന്തം യൂട്യൂബ് ചാനലിലൂടെ; രണ്ട് കണ്ണും തുറന്ന് പ്രതികരിക്കുമെന്ന്  ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഇടത് മുന്നണിയുമായുള്ള തർക്കങ്ങൾ നിലനിൽക്കേ സ്വന്തം യൂട്യൂബ് ചാനല്‍ പ്രഖ്യാപിച്ച്‌ ചെറിയാന്‍ ഫിലിപ്പ്. പഴയ ചാനല്‍ പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യുട്യൂബ് ചാനല്‍ ജനുവരി ഒന്നിന് ആരംഭിക്കും.

ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കോവിഡ് അനുഭവത്തിന് പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്നിക്കുമെന്നും ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കുമെന്നുമാണ് അവകാശവാദം. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും.

അതേസമയം മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമര്‍ശിച്ച ചെറിയാന് ഇന്നലെ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായുള്ള ചെറിയാന്റെ നിയമനവും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാൽ എല്‍ഡിഎഫ് നന്നായി സഹകരിപ്പിച്ച ചെറിയാന്‍റെ ഇപ്പോഴത്തെ നിലപാടിന്റെ കാരണമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതല്‍ ഉടക്കിനില്‍ക്കുന്ന ചെറിയാനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ഇടത് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരായ വിമ‍‍ര്‍ശനത്തില്‍ കടുത്ത അതൃപ്തരാണ്. കോണ്‍ഗ്രസിലേക്ക് ചെറിയാന്‍ മടങ്ങുന്നുെവെന്ന അഭ്യുഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ചെറിയാന്‍ ഫിലിപ്പ് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.

അതേസമയം കെ മുരളീധരന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകുമെന്നും മുരളീധരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.