കർഷക സമരം: റോഡുകള്‍ തടയാന്‍ എന്തവകാശം?; വീണ്ടും വിമർശനവുമായി സുപ്രീംകോടതി

കർഷക സമരം: റോഡുകള്‍ തടയാന്‍  എന്തവകാശം?; വീണ്ടും വിമർശനവുമായി സുപ്രീംകോടതി

ന്യുഡൽഹി: കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി. റോഡ് തടഞ്ഞുള്ള കർഷകരുടെ സമരത്തെയാണ് കോടതി വിമർശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ എന്ത് അവകാശമാണുള്ളതെന്ന് സംയുക്ത കിസാൻ മോർച്ചയോട് കോടതി ചോദിച്ചു.

എന്നാൽ പ്രതിഷേധിക്കാൻ കർഷക സംഘടനകൾക്ക് അവകാശമുണ്ട്. അത് റോഡ് തടഞ്ഞാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡിസംബർ ഏഴിനകം കർഷകസംഘടനകൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ റോഡ് ഉപരോധിക്കുന്നത് മറ്റൊരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിനുമുൻപും റോഡ് തടഞ്ഞുള്ള കർഷകരുടെ സമരത്തെ കോടതി വിമർശിച്ചിരുന്നു.

എന്നാൽ പോലീസ് ക്രമീകരണങ്ങളും മറ്റും ഏർപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതാണ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാൻ കാരണമെന്നാണ് കർഷകസംഘടനകൾ വാക്കാൽ കോടതിയെ അറിയിച്ചത്. സമരക്കാരെ റോഡിൽ തടഞ്ഞുവെച്ചിരിക്കുന്നത് പൊലീസ് ആണെന്ന് കർഷക സംഘടനകൾ പറഞ്ഞു. പൊലീസ് ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും രാംലീല മൈതനിയിലോ ജന്തർ മന്ദറിലോ സമരം നടത്താൻ അനുവദിക്കണമെന്നും കർഷക സംഘടനകൾ വാദിച്ചു.

എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ ശക്തമായി എതിർത്തു. ഡൽഹിയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയപ്പോൾ റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ സംഘർഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാൻ കർഷക സംഘടനകളോട് കോടതി നിർദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.