ഐഫോണിനു പകരം സോപ്പ്; മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍

ഐഫോണിനു പകരം സോപ്പ്; മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍

കൊച്ചി: ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട ആലുവ സ്വദേശി നൂറുല്‍ അമീന്‍ പറഞ്ഞു. ആലുവ റൂറല്‍ പൊലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത്.

ഒക്ടോബര്‍ 12ന് ഐഫോണ്‍-12 ബുക്ക് ചെയ്ത നൂറുല്‍ അമീന് ഒക്ടോബര്‍ 15നാണ് പാക്കേജ് ലഭിച്ചത്. ആമസോണ്‍ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍ വെച്ചു തന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

അപ്പോള്‍ തന്നെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആമസോണുമായും പൊലീസ് ബന്ധപ്പെട്ടു. നൂറുല്‍ അമീറിന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വേഷണം മുറുകുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പറയുകയും നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയുമായിരുന്നു.

പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

കഴിഞ്ഞ മാസം പറവൂരുള്ള എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിക്ക് ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ്പ്ടോപ് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലിസിന്റെ ഇടപെടലിനെത്തുടര്‍ന്ന് പണം തിരികെ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.