കരിപ്പൂരില്‍ കസ്റ്റംസ് 'സ്വര്‍ണച്ചപ്പാത്തി' പിടികൂടി

 കരിപ്പൂരില്‍ കസ്റ്റംസ് 'സ്വര്‍ണച്ചപ്പാത്തി' പിടികൂടി

കോഴിക്കോട്: സ്വര്‍ണം ചപ്പാത്തി പരുവത്തില്‍ ആക്കി കടത്താനും ശ്രമം. ചപ്പാത്തിക്കല്ലില്‍ നേര്‍ത്ത പാളിയാക്കി കടത്താന്‍ ശ്രമിച്ച 24 കാരറ്റ് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി സമീജി(29)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നാണ് സമീജ് എത്തിയത്.

ചപ്പാത്തിക്കല്ലിനുള്ളില്‍ കനം കുറഞ്ഞ പാളിയായി 796 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ചെക്ക് ഇന്‍ ബാഗേജിലാണ് സ്വര്‍ണം കൊണ്ടു വന്നത്. പിടികൂടിയ സ്വര്‍ണത്തിന് 39 ലക്ഷം രൂപ വിലമതിക്കും.

അതേസമയം മറ്റൊരു കേസില്‍ മിശ്രിതമാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പിടികൂടി. കോഴിക്കോട് തലയാട് സ്വദേശി പി.എ ഷമീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നാണ് യുവാവ് എത്തിയത്. 1.3 കിലോഗ്രാം സ്വര്‍ണ മിശ്രിതം സോക്‌സിനകത്ത് ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.

ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണ്‍, സൂപ്രണ്ടുമാരായ സി.പി സബീഷ്, സന്തോഷ് ജോണ്‍, ഉമാദേവി, ടി.എന്‍ വിജയ, പ്രേംപ്രകാശ് മീണ, പ്രണായ് കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.