മൂന്നു പേര്‍ക്ക് ചികിത്സാ സഹായം: ഒറ്റ ദിവസം വിതരണം ചെയ്തത് 16,000 ബിരിയാണി

 മൂന്നു പേര്‍ക്ക് ചികിത്സാ സഹായം: ഒറ്റ ദിവസം വിതരണം ചെയ്തത് 16,000 ബിരിയാണി

തൃശൂര്‍: ബ്ലഡ് ഡോണേഴ്‌സ് കേരള നടത്തിയ ബിരിയാണി ചലഞ്ചില്‍ പാകം ചെയ്ത് വിതരണം ചെയ്തത് പതിനാറായിരത്തിലധികം ബിരിയാണി. മൂന്നുപേരുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നടത്തിയ ബിരിയാണി ചലഞ്ചാണ് രക്തദാതാക്കളുടെ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള നടത്തിയത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറ്റമ്പതോളം പേര്‍ നേരിട്ട് ചലഞ്ചില്‍ പങ്കാളികളായി.

രക്താര്‍ബുദം ബാധിച്ച് രക്തമൂലകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ആവശ്യമുള്ള തിരൂരിലെ അജോ (37), മണലൂരിലെ അര്‍ബുദ രോഗിയായ അമ്പിളിയെന്ന വീട്ടമ്മയുടെ മകന്‍ ഓട്ടോ ഇമ്യൂണ്‍ രോഗം ബാധിച്ച അതുല്‍ (20) എന്ന ബിരുദ വിദ്യാര്‍ഥി, നട്ടെല്ലില്‍ ക്ഷയരോഗം ബാധിച്ച് വൃക്കകള്‍ തകരാറിലായ നെടുപുഴ പനമുക്കിലെ ബാബു എന്നിവരുടെ ജീവന്‍ രക്ഷിക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചെറുവത്തേരിയിലെ കമ്യൂണിറ്റി ഹാളിലായിരുന്നു ബിരിയാണി പാകം ചെയ്തത്.

2,200 കിലോ അരി, 4,000 കിലോ കോഴി, 2,200 കിലോ സവാള എന്നിവ ഇതിനായി വേണ്ടി വന്നു. 40 ചെമ്പുകളിലായാണ് ബിരിയാണി വെച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരങ്ങള്‍ അംഗങ്ങളായ സംഘടനയുടെ തൃശൂര്‍ ജില്ലാ ഘടകമായിരുന്നു ചലഞ്ച് നടത്തിയത്.

സംഘടനയുടെ സ്ഥാപകനടക്കം തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി പ്രവര്‍ത്തകരെത്തിയിരുന്നു. കൊമ്പിടിയിലെ തമാം കാറ്ററിങ്ങിന്റെ ഫെബിന്‍ സൗജന്യമായാണ് ബിരിയാണി പാകം ചെയ്തതു നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.