ചിന്താമൃതം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല; മറിച്ച് പല പ്രശ്‍നങ്ങളുടെയും തുടക്കമാണ്

ചിന്താമൃതം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല; മറിച്ച് പല പ്രശ്‍നങ്ങളുടെയും തുടക്കമാണ്

കോട്ടയം ചിങ്ങവനം സ്വദേശി സരിൻ എന്ന ഹോട്ടൽ ഉടമ ഫേസ്ബുക്കിൽ കുറിപ്പ് എഴുതി ആത്മഹത്യ ചെയ്ത സംഭവം വളരെ വേദനയോടെയാണ് വായിച്ചത്. കോവിഡ് ലോക്ക്ഡൗൺ മൂലം കച്ചവടം നഷ്ടപ്പെട്ട് കടബാധ്യതയായി ജീവിക്കാൻ മാർഗമില്ലാതെയാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. തന്റെ ഭാര്യയേയും മക്കളെയും ആരെങ്കിലും സഹായിക്കണമെന്നും തന്റെ ഫോൺ കിട്ടുന്ന പോലീസുകാർ കുട്ടിക്ക് ഓൺലൈൻ ക്ലാസ് പഠിക്കാനുള്ളത് കൊണ്ട് അത് വീട്ടിൽകൊടുക്കണമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

പല കാര്യങ്ങൾക്കും മുന്നിലായ കേരളം ആത്മഹത്യാ നിരക്കിന്റെ കാര്യത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്. എല്ലാ ദിവസവും ആത്മഹത്യയുടെ വാർത്തകൾ കേട്ട് നമ്മുടെ കണ്ണും കാതും മരവിച്ച് കഴിഞ്ഞു. ആത്മഹത്യയുടെ വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകേണ്ട എന്നാണ് സീന്യൂസ്‌ലൈവിന്റെ എഡിറ്റോറിയൽ പോളിസി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് നടക്കുന്ന മലയാളികൾക്ക് പലപ്പോഴും ആത്മഹത്യയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചോദകമാകാറുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.


നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ, ആഗ്രഹിക്കുന്ന സമയത്ത് പ്രതീക്ഷകൾ പൂവണിയാതെ വന്നാൽ അത് നൽകുന്ന നിരാശയാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കാര്യങ്ങൾ എല്ലാം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നടക്കണം എന്നാഗ്രഹിക്കുന്ന മലയാളികളുടെ പിടിവാശി വലിയ അളവ് വരെ അവനെ നിരാശയിലേക്ക് തള്ളി വിടുന്നു.

ജീവിതം നയിക്കുന്ന വഴിയേ നടന്ന് നല്ല രീതിയിൽ ജീവിതത്തെ ആസ്വദിക്കുന്ന ധാരാളം വ്യക്തികളെ കണ്ടിട്ടുണ്ട്. അവർക്ക് ഒന്നിനോടും അമിതാവേശമോ അമിത പ്രതീക്ഷയോ ഇല്ല. നാളെയെക്കുറിച്ച് ഉൽകണ്ഠയില്ലാത്ത ആകാശത്തെ പക്ഷികളെപ്പോലെ, ജീവിതത്തിന്റെ അനന്ത വിഹായസിൽ അവർ ആനന്ദത്തോടെ പറന്ന് നടക്കുന്നു. പല തവണ നിലത്ത് വീണിട്ടും വീണ്ടും പിച്ചവെച്ച് നടക്കുന്ന കുരുന്ന് മക്കൾ ഒരിക്കലും നിരാശരാകുന്നില്ല കാരണം അവരെ നയിക്കുന്നത് അമിത പ്രതീക്ഷയല്ല, മറിച്ച് കഠിനപ്രയത്നമാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത് ഭീരുക്കളുടെ ചിന്തയാണ്. പിശാചിന്റെ നിമന്ത്രണവും. ആത്മഹത്യ ചെയ്യുന്ന ഭീരുക്കൾ ജീവിതത്തിൽ നിന്ന് രക്ഷപെടുമെങ്കിലും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമൂഹം ഇവരൊക്കെ എത്രയോ വർഷം ആത്മഹത്യ ചെയ്ത വ്യക്തിയെ ഓർത്ത് വിഷമിക്കുന്നുണ്ടാവണം. ഒരിക്കൽക്കൂടി പറയട്ടെ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മറിച്ച് പല പ്രശ്‍നങ്ങളുടെയും തുടക്കമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.