'കുഞ്ഞിനെ കിട്ടാതെ പിന്നോട്ടില്ല': അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; ശിശുക്ഷേമ സമിതിയും കുടുങ്ങും

'കുഞ്ഞിനെ കിട്ടാതെ പിന്നോട്ടില്ല': അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; ശിശുക്ഷേമ സമിതിയും കുടുങ്ങും

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തക അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു. എല്ലാവര്‍ക്കും പരാതി കൊടുത്തു. അമ്മയെന്ന ഒരു പരിഗണനയും കിട്ടിയില്ല. കുഞ്ഞിനെ കിട്ടാതെ പിന്നോട്ടില്ലെന്നും അനുപമ വ്യക്തമാക്കി.

ദത്ത് നടപടികള്‍ക്ക് മുന്നേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് ഭരണ സംവിധാനങ്ങളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പൊലീസിലും വിശ്വാസമില്ല. വിഷയത്തില്‍ തന്റെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു.

അതേസമയം അനുപമയുടെ കുട്ടിയെ അനധികൃതമായി ദത്തു നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിയും കുടുങ്ങുമെന്നാണ് സൂചന. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ അന്വേഷണം നടത്തും. അനുപമ ജന്മം നല്‍കിയ ആണ്‍കുട്ടിയെ പ്രസവിച്ച് മൂന്നു ദിവസത്തിനിടെ ബലമായി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ദത്തു നല്‍കാന്‍ നിയമവിരുദ്ധമായ രീതിയില്‍ അനുപമയില്‍ നിന്ന് സമ്മത പത്രം വാങ്ങിയാണ് പേരൂര്‍ക്കട ജയചന്ദ്രന്‍ എന്ന സിപിഎം നേതാവ് മകളില്‍ നിന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്നാണ് ആരോപണം.

2020 ഒക്ടോബര്‍ 19നാണ് അനുപമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. വിവാഹിതനായിരുന്ന അജിത്തുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രസവിച്ച് മുന്നു ദിവസം കഴിഞ്ഞതോടെ കുഞ്ഞിനെ അനുപമയില്‍ നിന്ന് ബലമായി വേര്‍പ്പെടുത്തിയത്.

2020 ഒക്ടോബര്‍ 22 നാണ് കുഞ്ഞിനെ അനുപമയുടെ അമ്മയും അച്ഛനും ചേര്‍ന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച വിവരം കുറച്ച് മാസങ്ങള്‍ക്ക് മുമ്പു മാത്രമാണ് അച്ഛന്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തിയത്. കുഞ്ഞിനെ കടത്തിയതില്‍ ശിശുക്ഷേമ സമിതിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ഒക്ടോബര്‍ 22 ന് രാത്രിയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. എന്നാല്‍ കുട്ടിയെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന ദിവസം അമ്മത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശിശുക്ഷേമ സമിതി തലപ്പത്തുള്ളവര്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് കുഞ്ഞിനെ അവിടെ ജയചന്ദ്രന്‍ എത്തിച്ചതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.