ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്, ഇതാണ് ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദൈവദാനം. രോഗങ്ങള്‍ ഉണ്ടാവരുതേ എന്ന് പരസ്പരം പ്രാര്‍ത്ഥിക്കുന്നവരാണ് നാമെല്ലാം. ചികിത്സിച്ചാല്‍ ഭേദപ്പെടുന്നതും ചികിത്സ ഫലിക്കില്ലാത്തതുമായ രോഗങ്ങള്‍ ബാധിച്ചവര്‍ നമ്മുടെ ഇടയിലുണ്ട്. ആര്‍ക്കും ഒരിക്കലും വരരുതേ എന്ന് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന അത്തരം ഒരു രോഗമാണ് പോളിയോ.
ഒരു പ്രത്യേക വൈറസ് ബാധ മുലം സന്ധിബന്ധങ്ങള്‍ക്ക് ബലക്ഷയം വന്ന് ശരീരാവയവങ്ങള്‍ തളര്‍ന്നു പോകുന്ന രോഗമാണ് പോളിയോ. ഒരു കാലത്ത് മനുഷ്യ കുലത്തെ കാര്‍ന്നു തിന്നാന്‍ വാ പിളര്‍ന്നു നിന്ന പോളിയോ എന്ന മാരകരോഗത്തെ കീഴ്‌പ്പെടുത്തുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം വലിയൊരളവില്‍ വിജയം വരിച്ചു കഴിഞ്ഞു. എങ്കിലും ഭാവി തലമുറയെ പോളിയോ വൈറസുകളില്‍ നിന്നും രക്ഷിക്കാനുള്ള ബോധവല്‍ക്കരണമാണ് ഒക്ടോബര്‍ 24- ലോക പോളിയോ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.
ലോകത്തില്‍ ഇരുന്നുറില്‍ ഒരാള്‍ക്ക് പോളിയോ വൈറസ് ബാധിച്ചിട്ടുണ്ട് എന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ വൃക്തമാക്കുന്നു. പ്രധാനമായും അഞ്ചു വയസിനു താഴെയുള്ള പിഞ്ചുകുട്ടികളിലാണ് ഈ രോഗം പിടി മുറുക്കുന്നത്. തളര്‍വാതം വന്ന കുഞ്ഞിക്കാലുകളുമായി ജീവിതത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന ദൂരിത ജീവിതങ്ങളെ ഓര്‍ക്കാനും ഈ ദിനാചരണം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. വായിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന പോളിയോ വൈറസ് ആമാശയത്തിലാണ് പെരുകുന്നത്. തുടര്‍ന്ന് പേശികളുടെയും സന്ധികളുടെയും ബലം നഷ്ടപ്പെടുന്നു. പലപ്പോഴും മരണ കാരണമായി തീരാറുണ്ട് പോളിയോ രോഗം. ഈ രോഗത്തിനു ചികിത്സയില്ലെങ്കിലും ഇതു വന്നാല്‍ സുഖപ്പെടില്ലെങ്കിലും ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നമുക്കു കഴിയും.
1988ല്‍ ലോകാരോഗ്യ സംഘടനയുടെ 41-ാം അസംബ്ലിയിലാണ് 166 അംഗരാജ്യങ്ങള്‍ ലോകത്തു നിന്ന് പോളിയോ തുടച്ചു നീക്കാന്‍ പ്രതിജ്ഞ ചെയ്തത്. വിവിധ മനുഷ്യാവകാശ സംഘടനകള്‍ പോളിയോ നിര്‍മാജനത്തിനായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങി. യുനെസ്‌കോയുടെയും ലോകാരോഗ്യ സംഘടനയുടെയും റോട്ടറി ഇന്റര്‍നാഷണലിന്റെയുമെല്ലാം ശ്രമ ഫലമായി 2006 ആയപ്പോഴേക്കും 99 ശതമാനം പോളിയോ വൈറസുകളേയും ലോകത്തു നിന്നു തുടച്ചു നീക്കാന്‍ കഴിഞ്ഞു.
2008-ല്‍ ലോകത്തില്‍ നാലു രാജ്യങ്ങളില്‍ മാത്രമാണ് പോളിയോ വൈറസുകള്‍ കണ്ടെത്തിയത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും നൈജീരിയയും ഇന്ത്യയും മാത്രമാണ് ഇപ്പോള്‍ പോളിയോ വൈറസ് അവശേഷിക്കുന്ന രാജ്യങ്ങള്‍. നമുക്കും പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളാകാം. ശിശുക്കള്‍ക്കു ക്രമമായി പോളിയോ പ്രതിരോധ കുത്തിവയ്പ് നടത്താന്‍ സമുഹത്തെ ബോധവല്‍ക്കരിക്കാം. ഒപ്പം ഈ രോഗം ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പുനരധിവാസവും നല്‍കാനുള്ള പരിശ്രമങ്ങളില്‍ പങ്കു ചേരാം.
തങ്ങളറിയാതെ വന്നുപെട്ട പോളിയോയുടെ ആക്രമണത്താല്‍ വിവിധ അവയവങ്ങള്‍ തളര്‍ന്നിട്ടും അപാരമായ മേധാ ശക്തിയോടെ പ്രതികുല സാഹചര്യങ്ങളോട് യുദ്ധം ചെയ്ത് ജീവിതത്തില്‍ വിജയിക്കുന്ന സഹോദരങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കാം. ശരീരം തളര്‍ന്നാലും മാനസികശേഷി ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ നമ്മുടെ സഹോദരങ്ങളെ സഹായിക്കാം. അതു വഴി നിസഹായരും നിരാലംബരും ഇല്ലാത്ത ഒരു സ്നേഹലോകം പണിയാന്‍ നമുക്കുണരാം.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.