കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; വനിതാ കമ്മിഷൻ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; വനിതാ കമ്മിഷൻ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ. പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് അനുപമയ്ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത് നടപടികൾ പാലിച്ചാണെന്നും അനുപമ പറഞ്ഞിരുന്നുവെന്നും കമ്മിഷൻ പറഞ്ഞു. വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതയേൽക്കുന്നതിന് മുൻപ് അനുപമ സംഭവം വിളിച്ചു പറഞ്ഞിരുന്നുവെന്ന് സതീദേവി പറഞ്ഞു. വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമാണ് ഔദ്യോഗികമായി പരാതി ലഭിക്കുന്നതെന്നും അതിന്മേലാണ് നടപടിയെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.

അതേസമയം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി. വ്യാജ രേഖകളുണ്ടാക്കി താന്‍ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും അത് വകവെക്കാതെ ദത്ത് നടപടികള്‍ മനപ്പൂര്‍വ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതില്‍ ഷിജുഖാനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാന്‍ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം.

എന്നാൽ എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന്‍ പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ ഒന്നു പറയാനില്ലെന്നും ഷിജു ഖാന്‍ പ്രതികരിച്ചു.

അതേസമയം കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.