വാർത്തകൾ മലയാളിക്ക് ഹരമാണ് , മുറുക്കാൻ കടയിലാണെങ്കിലും ബാർബർ ഷോപ്പിലാണെങ്കിലും കള്ള് ഷാപ്പിലാണെങ്കിലും വാർത്താധിഷ്ഠിത ചർച്ചകൾ സ്ഥിരം കാഴ്ചയാണ്. ഒരു ഗ്ലാസ് കട്ടൻ കാപ്പിയുടെ പിൻ ബലത്തിൽ ചായക്കടകളിൽ സ്ഥിര താമസമാക്കിയ ‘പാനലിസ്റ്റുകളെ ‘ ഇന്നത്തെ ടിവി ചാനൽ പാനലിസ്റ്റുകളുടെ മുൻഗാമികളായിട്ടാണ് പലരും കരുതുന്നത് . കൂലംകഷമായ ചർച്ചകൾക്കൊടുവിൽ മുതലാളിക്ക് സംഭവിക്കുന്ന നഷ്ടമോർത്താവും പല പൊതു ഇടങ്ങളിലും ഇത്തരം ചർച്ചകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
എന്ത് തന്നെയായായാലും മലയാളിയുടെ വായനാശീലത്തിനു കുറവ് സംഭവിച്ചിട്ടില്ല . പ്രഭാതത്തിലെ പത്രം വായിച്ചില്ലെങ്കിൽ ജീവിതം തന്നെ അപൂർണ്ണമായി എന്ന് തോന്നലാണ് മലയാളിക്കുള്ളത്. ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ വരവോടെ വായന കുറയും എന്ന് പലരും ഭയപ്പെട്ടു എങ്കിലും മലയാളി , വായനയെ അങ്ങനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. വായനകൾക്കായി പ്രിന്റ് മാധ്യമങ്ങളോടൊപ്പം ഓൺലൈൻ മാധ്യമങ്ങളും കടന്നു വന്നു. വാർത്തകൾ നിറം ചേർത്ത് അവതരിപ്പിക്കുന്നത് ഒരു മാധ്യമസംസ്കാരത്തിന്റെ ഭാഗമായി മാറി. ഒഴുക്കിനെതിരെ നീന്തുവാൻ തുനിയാതെ കൂട്ടുകൂടി ഇരയെ കീഴ്പ്പെടുത്തുന്ന വേട്ടനായ്ക്കളുടെ ശൗര്യത്തോടെ മാധ്യമങ്ങൾ സന്ധ്യാസമയങ്ങളിൽ ഓലിയിട്ടു തുടങ്ങി. ഇത്തരം കൂവലുകൾ മഹത്തായ ജനാധിപത്യത്തെ താങ്ങിനിറുത്തുന്ന തൂണുകളെ ബലപ്പെടുത്തുന്നവയാണ് എന്ന് പറഞ്ഞു പരത്തുകയും ചെയ്യുന്നു.
മതവും രാഷ്ട്രീയവും നോക്കി വാർത്തകൾക്ക് പ്രാധാന്യം നൽകുകയും ഇരുട്ടിലാക്കുകയും ചെയ്യുന്നത് ആധുനിക മാധ്യമപ്രവർത്തകർക്ക് അസ്വീകാര്യമായി തോന്നിയില്ല. വാർത്തകളുടെ യാഥാർഥ്യമല്ല മറിച്ച് ഓരോ വാർത്തയിലും വായനക്കാരുടെ എണ്ണം കൂട്ടുന്നതിനുള്ള രസക്കൂട്ട് രൂപപ്പെടുത്തുന്നതിനാണ് മാധ്യമങ്ങൾ സ്ഥാനം കൊടുത്തത്. സനാതന മൂല്യങ്ങൾ തകർന്നടിഞ്ഞാലും അധമവികാരങ്ങളൂം ചിന്തകളും കൂട്ടുപിടിച്ച് വായനക്കാർ വർധിപ്പിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി പരക്കം പായുന്നവരുടെ ഇടയിൽ പെട്ട് ഞെരുക്കപ്പെടുന്ന സത്യം മുറവിളികൂട്ടുന്നതു കണ്ട് ഒരു കൂട്ടം ആളുകൾ മുന്നോട്ടു വന്നു.
സത്യം സത്യമായി അറിയാൻ ഒരു മാധ്യമം അവിടെ രൂപം കൊണ്ടു. സീന്യൂസ് ലൈവ് ; മാധ്യമങ്ങൾ ചവിട്ടിത്തേച്ച സത്യത്തെ മാറോടണച്ച് ലോകത്തോട് വിളിച്ചു പറയുന്ന മാധ്യമം. വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വാർത്തകൾക്കിടയിൽ സനാതനമൂല്യങ്ങൾ മുറുകെ പിടിച്ചു മനുഷ്യന്റെ നന്മയെ ഉയർത്തിക്കാട്ടുന്ന മാധ്യമം .
സീന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രമുഖരായ വ്യക്തിത്വങ്ങൾ നടത്തുന്ന ചർച്ചകളും സെമിനാറുകളും കേരളത്തിൽ ഒരു നവ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുന്നതാണ്. ഒക്ടോബർ 30 ശനിയാഴ്ച പ്രസിദ്ധ വാഗ്മിയായ മാർ തോമസ് തറയിൽ, സാമുദായിക സൗഹാർദ്ദത്തിന് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. പ്രസ്തുത സമ്മേളനം കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യും. മത സൗഹാർദ്ദത്തിന്റെ കടക്കൽ കത്തിവയ്ക്കുന്ന മാധ്യമ സംസ്കാരത്തോട് അരുത് എന്ന് പറയുവാൻ മലയാളി സമൂഹത്തിനാവട്ടെ . എല്ലാ പ്രബുദ്ധ മലയാളികളെയും ഈ സീന്യൂസ് ലവേഴ്സ് കോൺഫ്രൻസിലേക്കു സ്വാഗതം ചെയ്യുന്നു. വരൂ അണിചേരാം പുതിയ ഒരു മാധ്യമ സംസ്കാരത്തിനായി !
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.