മിഷന്‍ പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച വിശുദ്ധരായ ക്രിസ്പിനും ക്രിസ്പീനിയനും

മിഷന്‍ പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച വിശുദ്ധരായ ക്രിസ്പിനും ക്രിസ്പീനിയനും

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 25

മിഷന്‍ പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച രണ്ട് റോമന്‍ സഹോദരന്‍മാരാണ് ക്രിസ്പിനും ക്രിസ്പീനിയനും. ഇവരുടെ ജനനത്തെയും ജീവിതത്തെയും സംബന്ധിച്ച് രണ്ട് വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ട്. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് ഇവരുടെ ജനനം എന്നാണ് അതിലൊന്ന്. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി സോയിസണ്‍സിലെത്തി. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണം നടത്തുകയും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയും ചെയ്തു.

ചെരിപ്പ് നിര്‍മ്മാണത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള വരുമാനവും അവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിന് ഇഷ്ടമായില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി പിന്നീട് ഇരുവരെയും പിടികൂടി തലവെട്ടി കൊന്നു കളഞ്ഞു എന്നാണ് പറയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യമനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലാണ് ഇവരുടെ ജനനം. ഇരുവരും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയും അവരുടെ അമ്മ രണ്ടു പേരെയും ലണ്ടനിലേക്കയച്ചു.

യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി ഇവര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം.

ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിന് 'ക്രിസ്പിന്‍ ആന്‍ഡ് ക്രിസ്പാനിയസ്' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ഈ ഐതിഹ്യത്തില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. തബീത്താ

2. ഫ്രാന്‍സിലെ ഹിലരി

3. ഓര്‍ലീന്‍സിലെ ഡുള്‍കാര്‍ഡൂസു

4. ഗ്രീക്കുകാരായ ക്രിസന്തിയൂസും ഭാര്യ ദാരിയും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.