പ്ലേ ഓഫ് സാധ്യത നിലനിർത്തി 7 ടീമുകൾ

പ്ലേ ഓഫ് സാധ്യത നിലനിർത്തി 7 ടീമുകൾ

അബുദാബി: 13–ാം സീസണിൽ പങ്കെടുക്കുന്ന ടീമുകളെ മൂന്നായി പകുത്തുകൊണ്ട് ഐപിഎൽ ക്ലൈമാക്സ് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ, പ്ലേ ഓഫിൽ ഇനിയും സ്ഥാനമുറപ്പില്ലാതെ ടീമുകൾ. ഒന്നാം സ്ഥാനം ഉന്നമിട്ടുള്ള മത്സരമാണ് പോയിന്റ് പട്ടികയിലെ മുമ്പൻമാർക്കിടയിൽ. അതിനു തൊട്ടുപിന്നിൽ ഇനിയും തെളിയാത്ത പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാനുള്ള പോരാട്ടം. രണ്ടു സാധ്യതകളിലും സ്ഥാനമില്ലാതെ ആശ്വാസജയം മാത്രം തേടുന്ന ചെന്നൈ സൂപ്പർ കിങ്സാണ് മൂന്നാമത്തെ കൂട്ടർ. ù

ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ ധോണിയുടെ ചെന്നൈ ഒഴികെയുള്ള 7 ടീമുകളും സാധ്യതകൾ സജീവമാക്കി നിലനിർത്തുന്നതാണു ഐപിഎൽ പതിമൂന്നാം പതിപ്പിന്റെ ക്ലൈമാക്സ് ആവേശകരമാക്കുന്നത്. ഐപിഎൽ ‘ക്ലൈമാക്സ്’ ഘട്ടത്തിലെ ഹൈലൈറ്റ് പ്ലേഓഫിലെ 4–ാം സ്ഥാനത്തിനായുള്ള പോരാട്ടം തന്നെ.

നിലവിലെ ജേതാക്കളായ മുംബൈയും ആദ്യ കിരീടം തേടുന്ന ഡൽഹിയും വിരാട് കോലിയുടെ ബെംഗളൂരുവും പ്ലേ ഓഫ് ഉറപ്പിച്ച മട്ടിലാണ് അന്തിമ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. തൊട്ടുതാഴെ ജീവൻമരണ പോരാട്ടത്തിലാണു പഞ്ചാബും കൊൽക്കത്തയും ഹൈദരാബാദും രാജസ്ഥാനും. 2 മത്സരം ബാക്കിയുള്ള ഈ 4 ടീമുകളുടെയും ജയപരാജയങ്ങൾ പ്ലേഓഫ് ചിത്രം തീരുമാനിക്കും.

12 മത്സരങ്ങളിൽ നിന്നു 12 പോയിന്റുമായി പഞ്ചാബും കൊൽക്കത്തയുമാണ് ഇക്കൂട്ടത്തിൽ മുന്നിൽ. ഹൈദരാബാദിനും രാജസ്ഥാനും 10 പോയിന്റ്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചതു കൊണ്ടു മാത്രം ഈ ടീമുകൾക്കു പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. രണ്ടു പോയിന്റിന്റെ മേധാവിത്തമുണ്ടെങ്കിലും നെറ്റ് റൺ റേറ്റിലെ കുറവ് പഞ്ചാബിനും (–0.049) കൊൽക്കത്തയ്ക്കും (–0.479) ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൈദരാബാദിനു (+ 0.396) മികച്ച റൺറേറ്റുള്ളതും കണക്കിലെ കളികൾക്കു കരുത്തു പകരുന്ന ഘടകമാണ്. രാജസ്ഥാന്റെ മുന്നേറ്റത്തിനും റൺ റേറ്റിലെ പോരായ്മയാണ് (–0.505) ഭീഷണി.

പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന നാലു ടീമുകൾക്കും ലീഗിലെ ഇനിയുള്ള ഓരോ മത്സരത്തിനും ‘നോക്കൗട്ട്’ സ്വഭാവം കൈവരും. പഞ്ചാബിനും കൊൽക്കത്തയ്ക്കുമെതിരായ മത്സരം ബാക്കിയുള്ള രാജസ്ഥാനാണ് അക്ഷരാർഥത്തിൽ ‘ജീവൻമരണ’ പോരാട്ടത്തിന്റെ ചൂടറിയുക. പഞ്ചാബിനും കൊൽക്കത്തയ്ക്കും പ്ലേ ഓഫിൽനിന്നു പുറത്തായിക്കഴിഞ്ഞ ചെന്നൈയുമായുള്ള മത്സരം കൂടി ബാക്കി നിൽക്കുന്നു. മുംബൈയും ബെംഗളൂരുവുമാണ് ഇനി ഹൈദരാബാദിന്റെ എതിരാളികൾ. ഡൽഹിയും ബെംഗളൂരുവും പോയിന്റ് നിലയിൽ മുന്നിലാണെങ്കിലും ഇപ്പോഴും പ്ലേ ഓഫ് ഉറപ്പിച്ചെന്നു പറയാവുന്ന നിലയിലല്ല. നിലവിൽ പഞ്ചാബിനെയും കൊൽക്കത്തയെയും പോലെ കടുത്ത സമ്മർദം ഈ ടീമുകൾക്ക് ഉണ്ടാകില്ലെന്നു മാത്രം.

16 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈയാണ് പ്ലേ ഓഫ് സ്ഥാനം മിക്കവാറും ഉറപ്പാക്കിയത്. 8 മത്സരം മാത്രം ബാക്കിയുള്ള ലീഗിൽ 5 ടീമുകൾ 16 പോയിന്റിലെത്താൻ സാധ്യത ബാക്കിയാണ്. 14 പോയിന്റുള്ള ബെംഗളൂരുവിനും ഡൽഹിക്കും മെച്ചപ്പെട്ട നെറ്റ് റൺ റേറ്റ് നിലനിർത്തുന്നപക്ഷം ഇനിയുള്ള 2 മത്സരങ്ങളിലെ ഒരു ജയം വഴി പ്ലേഓഫിലെത്താനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.