കുഞ്ഞിനെ കിട്ടുമെന്ന് വിശ്വാസമുണ്ട്; ഒപ്പം നിന്നവര്‍ക്ക് നന്ദി: കോടതി വിധി സ്വാഗതം ചെയ്ത് അനുപമ

കുഞ്ഞിനെ കിട്ടുമെന്ന് വിശ്വാസമുണ്ട്; ഒപ്പം നിന്നവര്‍ക്ക് നന്ദി: കോടതി വിധി സ്വാഗതം ചെയ്ത് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട വഞ്ചിയൂര്‍ കുടുംബക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് അനുപമ. കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഇത്രയും കാലം ജീവിച്ചതെന്നും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടുമെന്ന വിശ്വസമിപ്പോള്‍ ഉണ്ടെന്നും അനുപമ പറഞ്ഞു.

എന്നാൽ സര്‍ക്കാര്‍ പിന്തുണയറിയിച്ചിട്ടും ഞാന്‍ വിശ്വസിച്ചിരുന്നില്ലെന്നും അനുപമ പറഞ്ഞു.അതേസമയം സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്ന് അനുപമ കൂട്ടിച്ചേര്‍ത്തു.

അനുപമയുടെ വാക്കുകള്‍: 

ഒരുപാട് സന്തോഷമുണ്ട്. ഇത്രയും കാലം എല്ലാം നെഗറ്റീവായ മറുപടികള്‍ മാത്രമാണ് കേട്ടത്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇത്രയും കാലം കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഉണ്ടായത്. ആറ് മാസമായി പരാതിയുമായി പലയിടത്തും കയറിയിറങ്ങുകയായിരുന്നു. പലര്‍ക്കും പലതും ചെയ്യാമായിരുന്നു പക്ഷേ ആരും ഒന്നും ചെയ്തില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ ദുഖമുണ്ട്. സത്യം മനസിലാക്കാന്‍ സാധിക്കുന്നവര്‍ മനസിലാക്കുക എന്നേ പറയാനുള്ളൂ.

സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ പോലെ പ്രവര്‍ത്തിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കുഞ്ഞിനെ തിരിച്ചു കിട്ടുമെന്ന കാര്യത്തില്‍ നല്ല പ്രതീക്ഷയുണ്ട്. ഞാന്‍ അന്ന് കൊടുത്ത പരാതിയില്‍ തന്നെ ബന്ധപ്പെട്ടവരും ഉത്തരവാദിത്തപ്പെട്ടവരും നടപടിയെടുത്തിരുന്നെങ്കില്‍ എന്റെ കുഞ്ഞ് ഇപ്പോ എനിക്കൊപ്പമുണ്ടായിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സൈബര്‍ ഇടങ്ങളില്‍ എനിക്കെതിരെ അധിക്ഷേപം നടത്തുന്നവര്‍ ആരാണെന്ന് വ്യക്തമാണ്. അവരെ നിയന്ത്രിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുമെന്നാണ് എന്റെ വിശ്വാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.