മുല്ലപ്പെരിയാര്‍ വിഷയം: ജലനിരപ്പ് 138 അടിയായി ഉയര്‍ന്നു; തമിഴ്‌നാടിനെയും പങ്കെടുപ്പിച്ച് ഇന്ന് സുപ്രധാന യോഗം

മുല്ലപ്പെരിയാര്‍ വിഷയം: ജലനിരപ്പ് 138 അടിയായി ഉയര്‍ന്നു; തമിഴ്‌നാടിനെയും പങ്കെടുപ്പിച്ച് ഇന്ന് സുപ്രധാന യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. 142 അടി പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ തമിഴ്‌നാട് കൊണ്ടുപോകുന്നതിനെക്കാള്‍ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് രണ്ടു യോഗങ്ങള്‍ ഇന്നു ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്‌നാട് തയാറാകുമെന്നാണു പ്രതീക്ഷ. തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി തമിഴ്‌നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അണക്കെട്ടു നിര്‍മിക്കുക എന്നതു തന്നെയാണു പ്രശ്‌നപരിഹാര മാര്‍ഗം. അതാണു സര്‍ക്കാരിന്റെ നയവും തീരുമാനവും. നിലവിലുള്ള കരാറില്‍ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കേരളം തയാറാണെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ കളക്ടറുടെ അധ്യക്ഷതയില്‍ രാവിലെ യോഗം ചേരും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു. കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി തലത്തില്‍ ആവശ്യപ്പെട്ടു.

സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പേ അറിയിപ്പ് നല്‍കണമെന്നു തമിഴ്‌നാട് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോള്‍ തന്നെ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പു സന്ദേശം നല്‍കി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.