ക്വാറി ദൂരപരിധി സംബന്ധിച്ച ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കും: സുപ്രീം കോടതി

ക്വാറി ദൂരപരിധി സംബന്ധിച്ച ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കും: സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ ക്വാറി ദൂരപരിധി സംബന്ധിച്ച ഹർജികൾ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ട് സുപ്രീം കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളോ അഭിപ്രായങ്ങളോ ഉള്ളവർക്ക് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ക്വാറി ദൂരപരിധി സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെയും ക്വാറി ഉടമകളുടെയും വാദം കേട്ട് ഹരിത ട്രിബ്യൂണൽ തീരുമാനം എടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ പുതിയ ലീസുകൾ സർക്കാർ നൽകുന്നില്ലെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം. ആർ. അഭിലാഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളിൽ ക്വാറികളുടെ ദൂരപരിധി 200 മീറ്ററായി ദേശീയ ഹരിത ട്രിബ്യൂണൽ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ സ്വമേധയാ എടുത്ത കേസിൽ ഹരിത ട്രിബ്യൂണലിന് ദൂരപരിധി ഉയർത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ക്വാറി ഉടമകളും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുക ആയിരുന്നു. അതേസമയം പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ എടുക്കുന്ന കേസുകളിൽ ഹരിത ട്രിബ്യൂണലിന് ഉത്തരവ് ഇറക്കാൻ അധികാരം ഉണ്ടെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ക്വാറി ഉടമകൾക്ക് വേണ്ടി അഭിഭാഷരായ ഇ.എം.എസ്. അനാം, എം.ആർ. അഭിലാഷ്, ഉഷ നന്ദിനി തുടങ്ങിയവർ ഹാജരായി. വിഴിഞ്ഞം അദാനി തുറമുഖത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. പരിസ്ഥിതി പ്രവർത്തകർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ, അഭിഭാഷകൻ വി.കെ. ബിജു എന്നിവർ ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.