മുല്ലപ്പെരിയാറിൽ സംഭവിച്ച രണ്ട് ദുരന്തങ്ങൾ; പോസിറ്റീവ് സ്ട്രോക്കുമായി ഫാ. ജോൺസൻ പാലപ്പള്ളി

മുല്ലപ്പെരിയാറിൽ സംഭവിച്ച രണ്ട് ദുരന്തങ്ങൾ; പോസിറ്റീവ് സ്ട്രോക്കുമായി ഫാ. ജോൺസൻ പാലപ്പള്ളി

കോതമംഗലം: കേരള സമൂഹത്തിൽ ഒരു നിർണായക ചർച്ചയായി മാറിയിരിക്കുകയാണ് ഇന്ന് മുല്ലപ്പെരിയാർ. രാഷ്ട്രീയ പ്രവർത്തകരും സിനിമാ മേഖലയിലുള്ളവരും എഴുത്തുകാരും സാധാരണ ജനങ്ങളും ഉൾപ്പെടെ നിരവധി പേരാണ് മുല്ലപ്പെരിയാർ ഡാമിന്റെ കാലപ്പഴക്കം ഒരു ഭീഷണിയായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം മുല്ലപ്പെരിയാറിൽ സംഭവിച്ച രണ്ട് ദുരന്തങ്ങളെകുറിച്ച് പോസിറ്റീവ് സ്ട്രോക്കിലുടെ ഫാ. ജോൺസൻ പാലപ്പള്ളി വിവരിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രത്തിലെ ഒന്നാം ദുരന്തവും രണ്ടാം ദുരന്തവും പണ്ടേ നടന്നുകഴിഞ്ഞു. ഈ ചരിത്ര നിർമ്മിതിയുടെ വിശദാംശങ്ങളും അധികം അകലെയല്ലാത്ത മൂന്നാം ദുരന്തത്തിലേക്കുള്ള ദൂരവും തെളിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് പോസിറ്റീവ് സ്ട്രോക്ക് എന്ന വീഡിയോയിലൂടെ ഫാ. ജോൺസൻ പാലപ്പള്ളി.

ലോകത്തിൽ മറ്റൊരു അണക്കെട്ടിനും അവകാശപ്പെടാനില്ലാത്ത ചില അനന്യതകൾ മുല്ലപ്പെരിയാറിന് മാത്രം സ്വന്തമാണ്. ലോകത്തിൽ ഇന്ന് നിലവിലുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാർ. സുർക്കി മിശ്രിതം ഉപയോഗിച്ച് പണിത അണക്കെട്ടുകളിൽ ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഏക അണക്കെട്ട്.
നിർമ്മാണ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് മുല്ലപ്പെരിയാർ.

യുഎൻ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ അപകടാവസ്ഥയിൽ ആയിരിക്കുന്ന ആറ് അണക്കെട്ടുകളിൽ ഇന്ത്യയിൽ നിന്നുള്ള ഉള്ള ഏക അണക്കെട്ട് മുല്ലപ്പെരിയാർ അണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ട് കൊണ്ട് തമിഴ്നാട് ഒരുവർഷം 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമ്പോൾ സ്ഥലം ഉടമസ്ഥരായ കേരളത്തിന് ലഭിക്കുന്നത് വെറും 10 ലക്ഷം രൂപ പാട്ടത്തുക മാത്രമാണ്.

അതേസമയം മുല്ലപ്പെരിയാറിന്റെ മുഖ്യശില്പിയായ ജോൺ പെന്നിക്വിക്കിന്റെ ജന്മദിനം തമിഴ്നാട്ടിൽ പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നു. 81 ലക്ഷം രൂപ നിർമ്മാണച്ചിലായ ഈ അണക്കെട്ടിന് നിർമ്മിതി കാലഘട്ടത്തിൽ അഞ്ച് ബ്രിട്ടീഷ് എൻജിനീയർമാർ അടക്കം 483 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

1887 ൽ ബ്രിട്ടീഷ് എൻജിനീയറായ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിലാണ് അണക്കെട്ട് നിർമ്മാണം ആരംഭിച്ചെങ്കിലും വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും പകർച്ചവ്യാധിയും നിമിത്തം നിർമ്മാണപ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടു. വന്യമൃഗങ്ങളുടെ ആക്രമണം പുറമെയും. ഈ അണക്കെട്ട് നിർമ്മാണം മുമ്പോട്ടു പോകില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സർക്കാർനിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മുഖ്യ എൻജിനീയർ ജോൺ പെന്നി ക്വിക്കിനോട് തിരികെ ഇംഗ്ലണ്ടിലേക്കു മടങ്ങി പോകുവാനും ആവശ്യപ്പെട്ടു.

എന്നാൽ ജോൺ പെന്നി ക്വിക്ക് തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. തങ്ങൾക്കുണ്ടായിരുന്ന സ്വത്തുവകകൾ മുഴുവൻ വിറ്റ് പെറുക്കി ഡാം നിർമ്മാണം പൂർത്തിയാക്കുക എന്ന ദൃഢനിശ്ചയത്തോടെ ഇന്ത്യയിലേക്ക് തിരിച്ച് ഡാം നിർമ്മാണം പുനരാരംഭിച്ചു. നിർമ്മാണ കാലഘട്ടത്തിൽ രണ്ടുപ്രാവശ്യം ഡാം തകർന്നു. അത് മലമ്പനിയുടെ കാലഘട്ടമായിരുന്നു. അതിനാൽ നിരവധി തൊഴിലാളികൾ മലമ്പനി ബാധിച്ചു മരിച്ചു. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് 1895 ൽ ഡാം നിർമ്മാണം പൂർത്തിയായപ്പോൾ അന്നും ഇന്നും എന്നും മലയാളക്കരയ്ക്ക് നഷ്ടങ്ങളുടെ കഥകൾ മാത്രം ബാക്കി.

നീണ്ട 25 വർഷത്തെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ 1886 ഒക്ടോബർ 29നാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ ബ്രിട്ടീഷ് സർക്കാരിൽ നിന്നുള്ള കനത്ത സമ്മർദത്തെ തുടർന്ന് മദ്രാസ് പ്രസിഡൻസിയുമായി 999 വർഷത്തെ പാട്ടക്കരാറിൽ ഒപ്പ് വയ്ക്കുന്നത്.

പാട്ടക്കരാർ പ്രകാരം ജലസംഭരണിക്കായി 8000 ഏക്കറും ഡാം നിർമ്മാണത്തിനായി മറ്റൊരു 100 ഏക്കറും
മദ്രാസ് റസിഡൻഡിക്കായി വിട്ടുനൽകണം. കരാർപ്രകാരം തമിഴ്നാടിന് 8000 ഏക്കർ വനഭൂമിയിലെ മരം മുറിക്കുന്നതിനുള്ള അധികാരത്തിനു പുറമെ വനത്തിലുള്ള മുഴുവൻ വനസമ്പത്തിലും സമ്പൂർണ അധികാരമുണ്ടായിരിക്കും.
പ്രതിഫലമായി കേരളത്തിന് ഏക്കറിന് അഞ്ച് രൂപ വച്ച് പ്രതിവർഷം 40,000 രൂപ പാട്ടത്തുക ലഭിക്കും. ഇതായിരുന്നു കരാർ. ഇത് തന്നെയായിരുന്നു മുല്ലപ്പെരിയാറിന്റെ ദുരന്തത്തിന്റെ ആരംഭം.

ഭാവിയിൽ ഈ കരാർ കേരളത്തിന് വലിയ ദുരിതം സമ്മാനിക്കുമെന്ന് വിശ്വസിച്ച അദ്ദേഹത്തിനു ഒടുവിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിരന്തര സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വന്നു. ഒടുവിൽ വലിയ ദുഃഖത്തോടെ ഇതെന്റെ ഹൃദയരക്തം കൊണ്ട് ഒപ്പിടുന്ന കരാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉടമ്പടിയിൽ അദ്ദേഹം ഒപ്പിട്ടത്. എന്നാൽ അന്ന് ഡാം നിർമ്മിച്ച ജോൺ പെന്നിക്വിക്ക് അണക്കെട്ടിന് കൽപ്പിച്ചു നൽകിയത് 50 വർഷത്തെ ആയുസ് ആണ്. പിന്നെ ഒരു 50 വർഷം കൂടി വലിയ പരിക്കൊന്നും കൂടാതെ കടന്നു പോകും.

ഏകദേശം നൂറു വർഷമാണ് ആണ് അന്ന് ഡാമിന് വിധിച്ച ആയുസ്. ഇവിടെ ഏറ്റവും അവിശ്വസനീയമായ കാര്യം ഡാമിന്റെ പരമാവധി കാലാവധി നൂറുവർഷമാണെന്ന് എന്ന് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും കരാർ കാലാവധി 999 വർഷമായി നിശ്ചയിച്ച് ഉടമ്പടി ഒപ്പിട്ടു എന്നതാണ്. ഇന്നും ചുരുൾ അഴിയാത്ത ഒരു ദുരൂഹതയായി അത് തുടരുകയാണ്.
15 തലമുറക്കപ്പുറത്തേക്കു നീളുന്ന ഈ അബദ്ധ കരാറിനെ ഒന്നാം മുല്ലപ്പെരിയാർ ദുരന്തം എന്നുതന്നെ വേണം വിശേഷിപ്പിക്കുവാൻ.

മുല്ലപ്പെരിയാർ രണ്ടാം ദുരന്തം സ്വാതന്ത്ര്യലബ്ധിയോടെ ബ്രിട്ടീഷ് സർക്കാരിന്റെ കാലഘട്ടത്തെ സകല കരാറുകളും റദ്ദാക്കിയെങ്കിലും 1970 മെയ് 29ന് 1886 ലെ ഒന്നാം മുല്ലപ്പെരിയാർ ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന കരാർ വീണ്ടും പുതുക്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ തമിഴ്നാട് ഗവൺമെന്റുമായി കരാർ പുതുക്കിയപ്പോൾ പഴയ 999 വർഷ കാലാവധി നിലനിർത്തുക മാത്രമല്ല തമിഴ്നാടിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള അധിക ആനുകൂല്യം കൂടി അനുവദിച്ചു കൊടുത്തു.കേരളത്തിന് ലഭിച്ചതാകട്ടെ വാർഷിക പാട്ടത്തുക ഏക്കറിന് അഞ്ചു രൂപ എന്നത് 30 രൂപയായി ഉയർത്തികിട്ടി എന്നതാണ്. കൂടാതെ മുല്ലപ്പെരിയാറിൽ നിന്ന് കേരളത്തിന് മീൻ പിടിക്കാം എന്ന പരിഹാസ്യമായ ഒരു അവകാശം കൂടി തമിഴ്നാട് അനുവദിച്ചു തന്നു.

എന്നാൽ കാലഹരണപ്പെട്ട് നാശത്തിലേക്ക് നടന്ന് അടുത്തു കൊണ്ടിരിക്കുന്ന ഒരു അണക്കെട്ടിന് എ ഡി 2885 വരെ അംഗീകാരം നൽകിയ ഈ കരാർ പുതുക്കലിനെ മുല്ലപ്പെരിയാർ രണ്ടാം ദുരന്തം എന്ന് വിളിക്കാം. ആദ്യ തെറ്റ് തിരുത്താൻ ലഭിച്ച സുവർണാവസരമാണ് ഇക്കുറി കേരള സർക്കാർ കളഞ്ഞു കുളിച്ചത്.
മുല്ലപ്പെരിയാർ മൂന്നാം ദുരന്ത സാധ്യതകൾ

ആദ്യം സൂചിപ്പിച്ചതുപോലെ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച ഡാമുകളിൽ ലോകത്തിൽ അവശേഷിക്കുന്ന ഏക ഡാമാണ് മുല്ലപ്പെരിയാർ ഡാം. ഈ സുർക്കി മിശ്രിതം കാലഹരണപ്പെട്ട് പ്രതിവർഷം 30.4 ടൺ എന്ന തോതിൽ 50 വർഷത്തിനിടയിൽ 1500 ടണ്ണിലധികം ഒഴുകിപ്പോയതായിട്ടാണ് കണക്ക്.

ഡാം സ്ഥിതി ചെയ്യുന്നത് ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്. മഹാസമുദ്രങ്ങളുടെയും പശ്ചിമഘട്ടതിന്റെയും സാമിപ്യം മൂലം ഒരു കാലാവസ്ഥപ്രവചനത്തിനും പിടികൊടുക്കാത്ത കാലാവസ്ഥയുള്ള അപൂർവമായ ഒരു ഭൂപ്രദേശമാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മുൻകൂട്ടി അറിയിക്കാതെ പ്രകൃതിക്ഷോഭങ്ങൾ കടന്നുവരിക. ഇവയെയൊക്കെ അതിജീവിച്ച് നിൽക്കുവാനുള്ള കരുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ടോ?. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളും മുൻകരുതലുകളും ഒന്നും അവലംബിക്കാതെയാണ് ഈ പ്രാചീന അണക്കെട്ട് പണിതീർത്തിരിക്കുന്നത്. അതേസമയം ഒരു അണക്കെട്ടിനു ആധാരമായി നിലകൊള്ളുന്ന ഡ്രില്ലിംഗ് ഗ്രൗട്ടിങ് തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങളൊന്നും ഡാം നിർമാണത്തിൽ കൈക്കൊണ്ടിട്ടില്ല. തുടങ്ങിയ നിരവധി കാര്യങ്ങൾ ഡാമിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്ന കാരണങ്ങളാണ്.

ഡാം തരുകയാണെങ്കിൽ കേരളത്തിലെ അഞ്ചു ജില്ലകളിലെ 40 ലക്ഷത്തോളം ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നു അതോടൊപ്പം ഉണ്ടാകുന്ന തുടർ ദുരന്തങ്ങൾ ദൂരവ്യാപകമായ ഫലങ്ങളാണ്ഉളവാക്കുക. മുല്ലപ്പെരിയാർ തകർന്നാൽ ഇടുക്കി താങ്ങിക്കൊള്ളും എന്ന് പറയുന്നവർ അറിയുക മുല്ലപ്പെരിയാർ തൊട്ട് ഇടുക്കി ഡാം വരെയുള്ള ഉള്ള 50 കിലോമീറ്റർ മീറ്റർ ദൂരത്തിൽ താമസിക്കുന്ന വള്ളക്കടവ് വണ്ടിപ്പെരിയാർ ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന പതിനായിരങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ. മാത്രമല്ല ഇടുക്കി ഡാം നിറയാൻ ഇപ്പോൾ വലിയ പ്രളയ മഴയുടെ ആവശ്യമൊന്നുമില്ല. കാരണം ഡാമിന്റെ സംഭരണശേഷിയുടെ നല്ലൊരു ശതമാനവും ഇപ്പോൾ അപഹരിക്കുന്നത് മണ്ണും ചെളിയുമൊക്കെയാണ്. തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ യാത്രചെയ്യുമ്പോൾ കുളമാവ് ഡാം കഴിഞ്ഞ് ഉടനെ കാണപ്പെടുന്ന വീതികുറഞ്ഞ മൺതിട്ട ഇടുക്കി ഡാം സമുച്ചയത്തിന്റെ ദുർബലാവസ്ഥ വെളിവാക്കുന്ന നേർകാഴ്ചകളിൽ ഒന്നാണ്.

അമേരിക്ക ജപ്പാനിൽ പ്രയോഗിച്ച അണു ബോംബിനേക്കാൾ പതിന്മടങ്ങ് പ്രഹരശേഷി യാണ് മുല്ലപ്പെരിയാർ ഡാം തകർച്ച ഉണ്ടാക്കുക എന്ന സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസ് പഠനറിപ്പോർട്ടിൽ പറയുന്നു. 2021 ജനുവരിയിൽ പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക വകുപ്പിന്റെ റിപ്പോർട്ടിനെ ഏറെ ആശങ്കയോടെ സമീപിക്കേണ്ടിയിരിക്കുന്നു.

പഴക്കമേറുന്ന ജലസംഭരണികൾ ഉയർന്നുവരുന്ന ആഗോള ഭീഷണി എന്ന പേരിലുള്ള റിപ്പോർട്ടിൽ പറയുന്നു ലോകത്തിൽ ഏറ്റവും അപകടസാധ്യതയുള്ള ആറ് ഡാമുകളിലൊന്ന് ഇന്ത്യയിലാണെന്ന്. ആറ് ഡാമുകളിൽ നാലെണ്ണം തകർക്കപ്പെടുകയോ ഡീക്കമ്മീഷൻ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട് . മുല്ലപ്പെരിയാർ ഡാം കൂടാതെ 1960 സിംബാവേ നിർമ്മിച്ച ഒരു ഡാം മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. റിപ്പോർട്ട് വ്യക്തമായി പറയുന്നു, ഭൂകമ്പ സാധ്യത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന അസംസ്കൃതവസ്തുക്കൾ ഇപ്പോൾ തീർത്തും ഉപയോഗശൂന്യമാണ്. മനുഷ്യനുണ്ടാക്കിയ എന്തും ഒരു കാലഘട്ടം കഴിയുമ്പോൾ ഉപയോഗശൂന്യമായി തീരും. ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ ഒരു എക്സ്പയറി ഡേറ്റ് ഉണ്ട്.

രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് വാഹനങ്ങൾ ഒക്കെ ഒക്കെ പൊളിക്കണമെന്ന് നിർബന്ധം പിടിക്കുന്ന സർക്കാർ ഉള്ള ഒരു നാട്ടിൽ അതിൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അപകടാവസ്ഥയിലായ ഒരു അണക്കെട്ടിനെ പറ്റി നിഗൂഢമായ മൗനംപാലിക്കുന്നു. ഒരു ഡാം തകരുന്നതുവരെ അധികാരികൾ ആരും ഡാമിന്റെ ബലക്ഷയം സമ്മതിച്ചു തന്നിട്ടില്ല എന്നുള്ളത് ഡാം ദുരന്തങ്ങൾ ലോകത്തെ പഠിപ്പിച്ച പാഠങ്ങൾ ആണ്.

സമയം സെറ്റ് ചെയ്തിട്ടില്ലാത്ത ഒരു ടൈം ബോംബ് ആയിട്ടാണ് മുല്ലപ്പെരിയാറിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്.
മുല്ലപ്പെരിയാർ ദുരന്തത്തെ പറ്റി സംസാരിക്കുന്നവരുടെ പ്രതിഷേധ സ്വരങ്ങളൊക്കെ ആരെയോ ഭയപ്പെട്ട് എന്നപോലെ നേർത്തുനേർത്ത് ഇല്ലാതായി പ്രതിഭാസം നാം കാണുന്നതാണ്.

എന്നാൽ സംസാരിക്കേണ്ടവർക്കൊക്കെ തമിഴ്നാട്ടിൽ അളവറ്റ സമ്പത്ത് ഉണ്ട്. മാത്രമല്ല തമിഴൻ പിണങ്ങിയാൽ നമ്മുടെ അന്നം മുട്ടും.മലയാളികളുടെ മഹാഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് അനിവാര്യമായ ആ ദുരന്തം നമ്മുടെമേൽആഞ്ഞ് പതിക്കാതിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.