ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തില്‍ സാക്ഷികളുടെ എണ്ണം കുറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഭവത്തില്‍ 23 പേര്‍ മാത്രമാണോ ദൃക്സാക്ഷികളെന്നാണ് കോടതി ചോദിച്ചത്. പ്രധാനപ്പെട്ട കേസായതിനാല്‍ കൂടുതല്‍ സാക്ഷിമൊഴികള്‍ ശേഖരിക്കാനും സാക്ഷിമൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ ഓഫീസറില്ലെങ്കില്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തത്താനും കോടതി ആവശ്യപ്പെട്ടു. സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുള്ളതിനാല്‍ സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
കര്‍ഷകര്‍ കൊല്ലപ്പെട്ടതിലും മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസില്‍ ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേസ് പരിഗണിക്കുന്നത് അടുത്തമാസം എട്ടിലേക്ക് മാറ്റി.
കേസ് പരിഗണിച്ച മൂന്നുതവണയും സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. കര്‍ഷകരുള്‍പ്പെടെയുള്ളവർ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഉഴപ്പുന്നുവെന്ന പ്രതീതിയുണ്ടെന്ന് പറഞ്ഞ കോടതി ഒരിക്കലും തീരാത്ത കഥയായി അന്വേഷണം മാറരുതെന്ന മുന്നറിയിപ്പും നേരത്തേ പൊലീസിന് നല്‍കിയിരുന്നു.
കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. എറെ പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനത്തിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.