​അനുപമയുടെ കുട്ടിക്ക് "മലാല"എന്ന് പേര് നല്കിയതെന്തിന് ? ​വി ഡി സതീശൻ നിയമസഭയിൽ

​അനുപമയുടെ കുട്ടിക്ക്

തിരുവനന്തപുരം: അനുപമ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാരും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് കെ.കെ.രമ കുറ്റപ്പെടുത്തി.

ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. അനുപമയുടെ കുട്ടിക്ക് മലാല എന്ന് പേര് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായില്ല. പേര് നല്‍കിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് സൂചന.

അനുപമയ്ക്ക് കുട്ടിയെ ഒരിക്കലും തിരിച്ചു കിട്ടാതിരിക്കാന്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്നത് ആസൂത്രിത മുന്നൊരുക്കങ്ങലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി മാറ്റി ശിശുക്ഷേമ സമിതിയുടെ ലെറ്റര്‍ഹെഡില്‍ ഷിജുഖാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഇതില്‍ ഏറെ ശ്രദ്ധേയം.

അനുപമയില്‍നിന്ന് തട്ടിയെടുത്ത കുഞ്ഞിന്, സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായാണ് 'മലാല' എന്ന പേര് നല്‍കിയതെന്നാണ് ഷിജുഖാന്‍ പത്രക്കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണത്രെ ഈ പേരിട്ടതെന്നാണ് മറ്റൊരു ന്യായീകരണം.

തുടക്കം മുതല്‍ ഒടുക്കം വരെ നിയമങ്ങള്‍ ലംഘിച്ചാണ് ശിശുക്ഷേമ സമിതിയും ജനറല്‍ സെക്രട്ടറി അഡ്വ. ഷിജുഖാനും ഈ വിഷയത്തില്‍ ഇടപെട്ടതെന്നാണ് പരാതി. കുട്ടിയെ പിന്നീട് തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനും ആശുപത്രി രേഖകളില്‍ ലിംഗം വരെ തെറ്റായി രേഖപ്പെടുത്തുകയും ഡി.എന്‍.എ ടെസ്റ്റില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

'പേരിടുന്നതിലും വ്യത്യസ്തത കാത്തു സൂക്ഷിച്ചു. സാര്‍വദേശീയ തലത്തില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മുന്നേറ്റത്തിന് പ്രതീകമായി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മലാലാ യൂസഫ് സായി. സ്വന്തം നാട്ടില്‍ സ്ത്രീ വിദ്യാഭ്യാസത്തിനായി പോരാടി ലോക ശ്രദ്ധയിലേക്ക് വരികയും അതോടൊപ്പം പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ മത മൗലിക വാദികള്‍ക്കെതിരെ പോരാട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു.

ഭീകരവാദികളുടെ ക്രൂരമായ ആക്രമണത്തിനിരയായി ക്രൂരമായി പരിക്കേറ്റ മലാലയ്ക്ക് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റെയും പ്രാധാന്യം വിളിച്ചോതിയും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചും കുഞ്ഞിന് മലാല എന്നുപേരിട്ടതായാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ഷിജുഖാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്.'

വാര്‍ത്താ കുറിപ്പില്‍ ഏറ്റുവാങ്ങിയ വിവരം മറച്ചുവെക്കുകയും അമ്മത്തൊട്ടിലില്‍നിന്ന് ലഭിച്ചു എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. എന്തായാലും പേരിടല്‍ കര്‍മ്മത്തിനും കൃത്രിമ രേഖ ഉണ്ടാക്കലിനും ഷിജുഖാന്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.