മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശം; കെ മുരളീധരനെതിരെ കേസെടുത്തു

 മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശം; കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറഷേന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

നികുതി വെട്ടിപ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു.

' കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ... പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധിപേരെ കണ്ടിട്ടുള്ള നഗര സഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.' എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

അതിനിടെ തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരന്‍ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സ്ത്രീകളെ വേദനിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കെ. മുരളീധരന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.