വീണ്ടും സത്യപാല്‍: ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ആരോപണം

  വീണ്ടും സത്യപാല്‍: ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ആരോപണം

ന്യൂഡല്‍ഹി: ഗോവ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അഴിമതിയാണെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഗോവയിലെ തന്റെ ഗവര്‍ണര്‍ കസേര തെറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞാന്‍ ലോഹ്യയുടെ പിന്‍ഗാമിയാണ്, ചരണ്‍സിങ്ങുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴിമതി എനിക്ക് സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുകയെന്ന ഗോവ സര്‍ക്കാരിന്റെ പദ്ധതി അപ്രായോഗികമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാരിന് പണം നല്‍കിയ കമ്പനിയുടെ നിര്‍ബന്ധ ബുദ്ധിയാണ് പദ്ധതി നടപ്പാക്കിയതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസുകാരുള്‍പ്പെടെയുള്ളവര്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ തന്നോട് അഭ്യര്‍ഥിച്ചു. അന്വേഷണത്തിന് ശേഷം പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം പറഞ്ഞത്. കോവിഡ് നിയന്ത്രണത്തില്‍ ഗോവ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2019 ഒക്ടോബര്‍ മുതല്‍ 2020 ഓഗസ്റ്റ് വരെയാണ് മാലിക് ഗോവയില്‍ ഗവര്‍ണറായിരുന്നത്.

അതേസമയം ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ മുന്‍ഗവര്‍ണര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗോവ സര്‍ക്കാരിനെ ഇനി തുടരാന്‍ അനുവദിക്കരുതെന്നും പുറത്താക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.