ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് സജ്ജമാക്കാന്‍ ജെഫ് ബേസോസ്; ബോയിംഗ് സഹകരിക്കും

ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് സജ്ജമാക്കാന്‍ ജെഫ് ബേസോസ്; ബോയിംഗ് സഹകരിക്കും


വാഷിങ്ടണ്‍: നാലു വര്‍ഷത്തിനകം തന്നെ ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങാനാകുമെന്ന പ്രതീക്ഷയുമായി ശതകോടീശ്വരന്‍ ജെഫ് ബെസോസ്. ബോയിംഗുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഓര്‍ബിറ്റല്‍ റീഫ് ' എന്ന ബിസിനസ് പാര്‍ക്ക് 2025-നുശേഷം പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിന്റെ ഉടമ കൂടിയായ അദ്ദേഹം അറിയിച്ചു.

20 വര്‍ഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുനഃസ്ഥാപിക്കണമെന്ന ഗവേഷകരുടെ നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികര്‍ നിലയം വിടുമെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ അപകടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനു മറുപടിയായി ഉപകരണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാര്‍ക്ക് 2997 കോടി രൂപ നല്‍കുമെന്ന് നാസ അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്‌സ്, വോയജര്‍ സ്‌പേസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ 2027-ഓടെ തങ്ങളുടെ ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിരോധ കരാറുകാരായ സിയറ നെവാഡ കോര്‍പ്പറേഷന്റെ ബഹിരാകാശ പറക്കല്‍ വിഭാഗമായ സിയറ സ്പേസിന്റെ പങ്കാളിത്തത്തോടെയാണ് 'ഓര്‍ബിറ്റല്‍ റീഫ് ' ബിസിനസ് പാര്‍ക്കിനു വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചിട്ടുള്ളത്. റെഡ്വയര്‍ സ്പേസ്, ജെനസിസ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്.സ്വതന്ത്രമായി പറക്കുന്ന ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാകുമെന്ന് സിയറ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം 7490 കോടി രൂപ (100 കോടി യു.എസ്. ഡോളര്‍) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബേസോസ് പദ്ധതിക്കായി വന്‍ തുക മുടക്കുമെന്നാണ് വിവരം.ഓര്‍ബിറ്റല്‍ റീഫ് ഒരു 'മിക്‌സഡ് യൂസ് ബിസിനസ് പാര്‍ക്ക്' ആയി പ്രവര്‍ത്തിക്കും. 32,000 ചതുരശ്രയടി വിസ്തീര്‍ണമാകും പാര്‍ക്കിനുണ്ടാകുക. ഇതില്‍ ഒരേസമയം 10 പേര്‍ക്കു വിഹരിക്കാനാകും.

ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഓര്‍ബിറ്റല്‍ റീഫ് ഒരുക്കും. സ്‌പേസ് ഹോട്ടലും ഉണ്ടാകും. ബഹിരാകാശ ഏജന്‍സികള്‍, സാങ്കേത കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങള്‍, മാധ്യമ, വിനോദസഞ്ചാര കമ്പനികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം പാര്‍ക്കില്‍ ഇടമുണ്ടാകുമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂലൈയില്‍ ആണ് ബ്ലൂ ഒറിജിന്‍ വിജയകരമായ ആദ്യ ബഹിരാകാശ ടൂറിസം ഫ്‌ളൈറ്റ് നടത്തിയത്. ആമസോണ്‍ സ്ഥാപകന്‍ കൂടിയായ ജെഫ് ബെസോസും മറ്റ് മൂന്ന് പേരും ആയിരുന്നു യാത്രികര്‍. ഈ മാസം ആദ്യം, 90 കാരനായ നടന്‍ വില്യം ഷാറ്റ്‌നര്‍ - 'സ്റ്റാര്‍ ട്രെക്ക്' ഫെയിം ക്യാപ്റ്റന്‍ ജെയിംസ് കിര്‍ക്ക് - ബ്ലൂ ഒറിജിന്‍ പറത്തിയ 'റോക്കറ്റ് ഷിപ്പി'ല്‍ സഞ്ചരിച്ച് ബഹിരാകാശത്തെ ഏറ്റവും പ്രായം കൂടിയ യാത്രികനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.