മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച നവജാത ശിശുവിന് ഡി.എന്‍.എ പരിശോധന; ദമ്പതികള്‍ അറസ്റ്റില്‍

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച നവജാത ശിശുവിന് ഡി.എന്‍.എ പരിശോധന; ദമ്പതികള്‍ അറസ്റ്റില്‍

നാഗ്സ് ഹെഡ്: മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച നവജാത ശിശുവിന്റെ ഡി.എന്‍.എ പരിശോധനയിലൂടെ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് കരോലിനയിലാണു സംഭവം. 54 വയസുകാരനായ സ്‌കോട്ട് ഗോര്‍ഡന്‍ പൂളും 51 കാരിയായ റോബിന്‍ ലിന്നുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കുഞ്ഞിന്റെ ജനനം മറച്ചുവെച്ചതിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നോര്‍ത്ത് കരോലിനയിലെ നാഗ്സ് ഹെഡ് പട്ടണത്തിലെ ഒരു ചവറ്റുകുട്ടയില്‍നിന്ന് 1991 ഏപ്രില്‍ നാലിനാണ് നവജാത ശിശുവിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്. ശരീരം അഴുകിയതിനാല്‍ കുഞ്ഞിന്റെ ലിംഗം തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ അസ്ഥികള്‍ വീണ്ടെടുക്കാനായി. മൂന്നു പതിറ്റാണ്ടായി നാഗ്‌സ് ഹെഡ് പോലീസ് സംഭവം രഹസ്യമായി അന്വേഷിച്ചുവരികയായിരുന്നു.

2019-ല്‍ ടെക്‌സസിലെ ഒത്രം എന്ന സ്വകാര്യ ലാബിലേക്കു കുഞ്ഞിന്റെ അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഈ അസ്ഥികളില്‍ നിന്നു ശേഖരിച്ച ഡിഎന്‍എ പരിശോധനയിലാണ് ദമ്പതികള്‍ അറസ്റ്റിലായത്. നൂനത സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുഞ്ഞിന്റെ വംശാവലി കണ്ടെത്തി. തുടര്‍ന്ന് നോര്‍ത്ത് കരോലിനയിലെ ഒരു കുടുംബത്തിലേക്കു അന്വേഷണം ചെന്നെത്തുകയായിരുന്നു.

കൂടുതല്‍ അന്വേഷണത്തിനൊടുവിലാണ് ഒക്ടോബര്‍ 21-ന് സ്‌കോട്ട് ഗോര്‍ഡന്‍ പൂളിനെയും ഭാര്യ റോബിന്‍ ലിന്‍ ബൈറമിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ നോര്‍ത്ത് കരോലിനയിലെ ടെയ്ലര്‍സ്വില്ലെയിലാണ് താമസിച്ചിരുന്നത്. നിലവില്‍ കുട്ടിയുടെ ജനനം മറച്ചുവെച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ മരണത്തിലെ അസ്വാഭാവികതും മൃതദേഹം ഉപേക്ഷിച്ച രീതിയും കേസിനെ സങ്കീര്‍ണമാക്കുന്നതായി നാഗ്സ് ഹെഡ് പോലീസ് ചീഫ് ഫില്‍ വെബ്സ്റ്റര്‍ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിന് ഇതുവരെ ഉത്തരവാദികളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട നാഗ്സ് ഹെഡ് പോലീസിന്റെ മികവുറ്റ കേസ് അന്വേഷണത്തിലൂടെ സംഭവത്തിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്താനായി.

നിലവില്‍ ഡെയര്‍ കൗണ്ടി ജയിലിലാണ് ഇരുവരും കഴിയുന്നത്. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് നാഗ്സ് ഹെഡ് പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.