കൊച്ചി: രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോട് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നും സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്ക് വീതിക്കണമെന്നും കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്‍മേല്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ സര്‍വ്വകക്ഷി യോഗത്തിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നു ചുവടുമാറി ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത് ചില സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന് ന്യായമായും അനുമാനിക്കപ്പെടുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ പാടില്ലെന്നും അപ്രകാരമുള്ള വേര്‍തിരിവുകള്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്ലാ ജന വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാകേണ്ട സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണം.
നിയമ വേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാട് തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ മുന്നോട്ടു പോകുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.