ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടി വെള്ളം സംഭരിക്കാന്‍ എല്ലാത്തരത്തിലും സുരക്ഷിതമാണെന്ന് കേരളവും തമിഴ്നാടും അംഗീകരിച്ചതായി മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജലനിരപ്പ് 139 അടിയില്‍ കൂടാന്‍ പാടില്ലെന്ന് കേരളം ബുധനാഴ്ച സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പിന്റെ കാര്യത്തില്‍ മാറ്റം വേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാടില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി, കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.
സുപ്രീം കോടതി നിര്‍ദേശപ്രകാരം മേല്‍നോട്ട സമിതി ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിന്റെ മിനുട്സിലാണ് ഇരു സംസ്ഥാനങ്ങളും 142 അടി വെള്ളം താങ്ങാന്‍ അണക്കെട്ടിന് ശേഷിയുണ്ടെന്ന് സമ്മതിച്ചതായി പറയുന്നത്. അണക്കെട്ട് 142 അടി വെള്ളം സംഭരിക്കുമ്പോഴും ഘടനാപരമായും ജലശേഷിയിലും ഭൂകമ്പപ്രതിരോധ ശേഷിയിലും സുരക്ഷിതമാണെന്ന് ഇരു സംസ്ഥാനങ്ങളും സമ്മതിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജലനിരപ്പ് സംബന്ധിച്ച് നേരത്തേ തീരുമാനിച്ച റൂള്‍ കര്‍വിന്റെ കാര്യത്തില്‍ മാറ്റം വേണ്ടെന്ന തീരുമാനത്തോട് കേരളം എതിര്‍പ്പറിയിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി സുപ്രീം കോടതിയില്‍ പറഞ്ഞു. ജലനിരപ്പില്‍ മാറ്റം വേണ്ടെന്നാണ് മേല്‍നോട്ട സമിതിയുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
അണക്കെട്ടിന്റെ ഉറപ്പിന്റെ കാര്യത്തില്‍ മേല്‍നോട്ട സമിതി നടപടി സ്വീകരിക്കണമെന്നും ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സമിതിയുടെ തീരുമാനത്തെ കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത എതിര്‍ത്തു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടാകുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുതന്നെ പ്രളയത്തിനുള്ള കാരണമാണ്. ഒരു പരിധിക്കപ്പുറം അണക്കെട്ടില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടാലും പ്രളയമുണ്ടാകും. കനത്ത മഴയത്ത് 142 അടി അപകടകരമാണ്. പരമാവധി 139 അടിയില്‍ നിര്‍ത്തിയാല്‍ അപകടാവസ്ഥ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിന്റെ ആശങ്കകള്‍ അനാവശ്യമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും തമിഴ്നാട് ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.