കാണാമറയത്ത് 12-ാം ദിവസം; ഓസ്‌ട്രേലിയയിലെ നാലു വയസുകാരിയുടെ തിരോധാനത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്

കാണാമറയത്ത് 12-ാം ദിവസം; ഓസ്‌ട്രേലിയയിലെ നാലു വയസുകാരിയുടെ തിരോധാനത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കാണാതായ നാലു വയസുകാരി ക്ലിയോ സ്മിത്തിന്റെ വീട്ടില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. പരിശോധന ഏഴു മണിക്കൂറിലധികം നീണ്ടു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാക്ലിയോഡിലെ ബ്ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്നാണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ 16-ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനു സഹായമാകുന്ന എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്താനാകുമോ എന്നറിയാനാണ് ക്ലിയോയുടെ കാര്‍നാര്‍വോണിലെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് കുട്ടിയുടെ വിരലടയാളങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

ക്ലിയോ സ്മിത്തിനെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഡിറ്റക്ടീവുകള്‍. കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ 12 ദിവസമായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് കടുത്ത ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.


ക്ലിയോ സ്മിത്ത് അമ്മയ്ക്കും സഹോദരിക്കും ഒപ്പം (ഫയല്‍ ചിത്രം)

16-ന് രാവിലെ ആറു മണിക്ക് എഴുന്നേറ്റപ്പോള്‍ കുട്ടി ടെന്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് അമ്മ എല്ലി സ്മിത്ത് മൊഴി നല്‍കിയിരിക്കുന്നത്. ടെന്റിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. പെണ്‍കുട്ടിക്കു തനിയെ ഇതു തുറക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ക്ലിയോ തനിയെ പുറത്തിറങ്ങി പോകാനുള്ള സാധ്യത പോലീസും തള്ളിയിരുന്നു. ക്ലിയോ ഉറങ്ങിയിരുന്ന സ്ലീപ്പിംഗ് ബാഗും കാണാതായിട്ടുണ്ട്്.

ക്ലിയോയെ കാണാതായ സമയത്തിനടുത്ത് പുലര്‍ച്ചെ മൂന്നിനും 3.30 നും ഇടയില്‍ ബ്ലോഹോള്‍സ് റോഡില്‍നിന്ന് ഒരു കാര്‍ പാഞ്ഞു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാര്‍ പോയ ഹൈവേയിലെ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

സംഭവത്തിനു തൊട്ടുപിന്നാലെ ക്യാമ്പ് സൈറ്റിനു ചുറ്റുമുള്ള മേഖലകളില്‍ വന്‍ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാതായതിനു പിന്നില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന നിഗമനത്തില്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആരംഭിച്ചത്.

പെണ്‍കുട്ടി കാണാതായ മേഖലയും വീടും കേന്ദ്രീകരിച്ച് നൂറിലധികം പോലീസ് ഉദ്യോഗസ്ഥരും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളണ്ടിയര്‍മാരും റിസര്‍വ് ആര്‍മി ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തിയിരുന്നു.

ക്ലിയോ സ്മിത്തിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദശലക്ഷം ഡോളര്‍ (ഏകദേശം 5,60,93,444 ഇന്ത്യന്‍ രൂപ) ഓസ്ട്രേലിയന്‍ പോലീസ് പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പരിതോഷികം മോഹിച്ച് നിരവധി പേരാണ് തെരച്ചിലില്‍ പങ്കുചേരുന്നത്.

മകളെ കാണാതായ ശേഷം ക്ലിയോയുടെ അമ്മ എല്ലി സ്മിത്ത് വീട്ടിലേക്ക് മടങ്ങിയിട്ടില്ല.

കൂടുതല്‍ വായനയ്ക്ക്:

നാലു വയസുകാരിയുടെ തിരോധാനം; വിവരം നല്‍കുന്നവര്‍ക്ക് ദശലക്ഷം ഡോളര്‍ പരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.