മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 20 മിനിറ്റ് കൊണ്ട് വെള്ളം വള്ളക്കടവിലെത്തും; മാറ്റി പാര്‍പ്പിക്കേണ്ടത് 3,220 പേരെ

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 20 മിനിറ്റ് കൊണ്ട് വെള്ളം വള്ളക്കടവിലെത്തും; മാറ്റി പാര്‍പ്പിക്കേണ്ടത് 3,220 പേരെ

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ മാറ്റി പാര്‍പ്പിക്കേണ്ടി വരിക 3,220 ആളുകളെ. പീരുമേട് താലൂക്കിലെ വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇത്രയും പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കൂടുന്നതിന്റെ ഭാഗമായി സ്വീകരിച്ച സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്യാംപുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വളര്‍ത്തു മൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാംപിലും ചാര്‍ജ് ഓഫിസര്‍മാരുണ്ടാകും. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചു. കണ്‍ട്രോള്‍ റൂമുകളും തുറന്നു. ക്യാംപിലേക്ക് മാറുന്നവരുടെ വീടുകളില്‍ പൊലീസ് നൈറ്റ് പട്രോളിങ് ഏര്‍പ്പെടുത്തും.

അഗ്‌നിരക്ഷാസേനയുടെ നാല് ടീം ഇപ്പോഴെ സജ്ജമാണ്. വനം വകുപ്പിന്റെ രണ്ട് കണ്‍ട്രോള്‍ റൂം വണ്ടിപ്പെരിയാറിലും വള്ളക്കടവിലും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും പ്രശ്‌ന സാധ്യതാ പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കെഎസ്ഇബി താല്‍ക്കാലിക സംവിധാനം ഒരുക്കും. വൈദ്യുതി മുടങ്ങിയാലും വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ബിഎസ്എന്‍എലും സംവിധാനം ഒരുക്കും.

കൂടാതെ ജലസേചനം, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ ഓഫിസര്‍മാരായി രണ്ട് ഡപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, ഉപ്പുതറ കേന്ദ്രീകരിച്ചാണ് ഇവര്‍ ക്യാംപ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.