അണക്കെട്ട് തുറക്കുന്നതിനുള്ള നടപടി തുടങ്ങി; തീരവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

അണക്കെട്ട് തുറക്കുന്നതിനുള്ള നടപടി തുടങ്ങി; തീരവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടുക്കി ഉപ്പുതറ പെരിയാര്‍ തീര നിവാസികളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി തുടങ്ങി. 60 വയസ് കഴിഞ്ഞവര്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇരുപതോളം ക്യാമ്പുകളിലായി 883 കുടുംബങ്ങളെ മാറ്റാനാണ് നീക്കം. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ഡാം തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവില്‍. ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് 20 മിനിറ്റ് കൊണ്ടു വെള്ളം ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വഴിയാണ് ഇടുക്കി ജലാശയത്തിലെത്തുന്നത്.

ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റിന്‍ ഇന്ന് വൈകിട്ട് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കി. ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതലയും നല്‍കി. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ നീക്കി. സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കിവിട്ടാല്‍ ഇടുക്കി ഡാമില്‍നിന്ന് 35 കി.മീ അകലെയുള്ള അയ്യപ്പന്‍ കോവിലില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തും.

 ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചു. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.